കേരളത്തിന്റെ ഭാവി ബയോടെക്‌നോളജി ഗവേഷണത്തിൽ : ക്രിസ്റ്റി ഫെർണാണ്ടസ്

Posted on: November 5, 2017

കെഎംഎയും കേരള സ്റ്റാർട്ട്അപ്പ് മിഷനും കൊച്ചിയിൽ സംഘടിപ്പിച്ച മേക്ക് സംതിങ് ന്യൂ സെമിനാറിൽ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് സംസാരിക്കുന്നു. വിവേക് കൃഷ്ണ ഗോവിന്ദ്, ആൻഡ്രൈൻ മെൻഡെസ് എന്നിവർ സമീപം.

കൊച്ചി : കേരള സ്റ്റാർട്ട് അപ്പ്മിഷനുമായി സഹകരിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു. കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബയോടെക്‌നോളജി, ജീവശാസ്ത്രം എന്നിവയിലുള്ള ഗവേഷണങ്ങളിലാണു കേരളത്തിന്റെ ഇനിയുള്ള ഭാവിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ്‌ഐഡിസി പ്രൊമോട്ട് ചെയ്യുന്ന ബയോടെക് പാർക്കിൽ പുതിയ കമ്പനികൾ തുറക്കാനാഗ്രഹിക്കുന്ന സംരംഭകർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. അത്തരം സ്ഥാപനങ്ങൾക്കു സർക്കാർ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നു- പുതിയത് എന്തെങ്കിലും നിർമിക്കുക എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ അദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കെഎംഎ കൈക്കൊള്ളുന്ന നടപടികൾ ചടങ്ങിൽ അധ്യക്ഷത വഹിച്ച കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് വിശദീകരിച്ചു. സെമിനാറിന്റെ കൺവീനറായ കിച്ചൻ ഇവന്റ്‌സ് ആൻഡ് പ്ലിങ് ഫുഡ്‌സ് സ്ഥാപകൻ ആൻഡ്രൈൻ മെൻഡെസ് പരിപാടിയിൽ മോഡറേറ്ററായിരുന്നു. മുഹമ്മദ് ജെയ്‌സൽ, ആർജെ നീന, സച്ചി റസാക്, പ്രീതി വൈദ്യ, വിവേക് പ്രസന്നൻ, അക്ഷയ് വൈദ്യൻ എന്നിവർ സംസാരിച്ചു.