പ്രതിരോധമരുന്നുകൾ സുരക്ഷിതമെന്ന് ഡോ. ജി. ബി നായർ

Posted on: October 31, 2017

കൊച്ചി : വർഷങ്ങളുടെ ഗവേഷണ ഫലമായി പുറത്തിറങ്ങുന്ന പ്രതിരോധ മരുന്നുകൾ പൂർണമായും സുരക്ഷിതമാണെന്ന് അടുത്ത കാലത്ത് കുത്തിവെയ്പുകളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന വിദഗ്ധൻ ഡോ. ജി ബാലകൃഷ്ണൻ നായർ പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന പതിന്നാലാമത് രാജ്യാന്തര അതിസാര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഡൽഹി തെക്കുകിഴക്കേഷ്യ റീജനൽ ഓഫീസിലെ പകർച്ചവ്യാധി വകുപ്പിൽ നയ-ഗവേഷക ഉപദേശകനായ ഡോ.ബാലകൃഷ്ണൻ നായർ.

പല രാജ്യങ്ങളിൽ നടക്കുന്ന ഏറ്റവും മികച്ച ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവയാണ് എല്ലാ പ്രതിരോധ മരുന്നുകളും. ഇന്ന് ലോകത്ത് അതിസാര രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണം റോട്ടോ വൈറസ് പ്രതിരോധ മരുന്നുകളാണെന്ന് അദ്ദേഹം പറഞ്ഞു. കോളറ പ്രതിരോധമരുന്ന് നിരവധി രാജ്യാന്തര പരീക്ഷണങ്ങൾക്ക് ശേഷമാണ് നൽകിത്തുടങ്ങിയതെന്നും അദേഹം പറഞ്ഞു. 40 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞനാണ് ഡോ. ജി.ബി നായർ.

കേരളത്തിൽ അതിസാര രോഗം താരതമ്യേന കുറവായതിന് പ്രധാന കാരണം സാക്ഷരതയാണെന്ന് അദേഹം നിരീക്ഷിച്ചു. അതിസാരത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ വിലങ്ങു തടി ദാരിദ്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നരെ അപേക്ഷിച്ച് പാവപ്പെട്ടവർക്ക് ശുദ്ധജലവും പോഷകാഹാരവും കിട്ടുന്നതിനുള്ള സാധ്യത കുറവാണ്. അതിസാരത്തിനെതിരായ പോരാട്ടത്തിനുള്ള ശേഷി വർധിപ്പിക്കുകയാണ് അസ്‌കോഡ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ജി. ബി നായർ ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിദഗ്ധ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും പുറമെ ബ്രിട്ടൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, സ്വീഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുമായി 61 ശാസ്ത്രജ്ഞർ സമ്മേളനത്തിൽ പ്രബന്ധാവതരണം നടത്തുന്നുണ്ട്. ഈ മേഖലയിലെ പ്രശസ്തമായ ബംഗ്ലദേശിലെ ഇന്റർനാഷനൽ ഡയേറിയൽ ഡിസീസ് റിസർച്ച് സെന്റർ (ഐസിഡിഡിആർ), ഫരീദാബാദിലെ ട്രാൻസ്‌ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ), ഇൻക്ലെൻ ട്രസ്റ്റ് ഇന്റർനാഷനൽ (ഇൻക്ലെൻ ഇന്റ്), കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എൻട്രിക് ഡിസീസസ് എന്നിവയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് സമ്മേളനവുമായി സഹകരിക്കുന്നത്.

TAGS: G. B. Nair |