ഡോ. അബ്ദുൾകലാം തികഞ്ഞ മനുഷ്യസ്‌നേഹിയെന്ന് ഹോർമിസ് തരകൻ

Posted on: October 29, 2017

കൊച്ചി : കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ എറണാകുളം അബാദ് പ്ലാസയിൽ മൂന്നാമത് ഡോ. എ.പി.ജെ. അബ്ദുൾകലാം സ്മാരക പ്രഭാഷണം നടത്തി. റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റ (റോ) മുൻകാല ചീഫായിരുന്ന ഹോർമിസ് തരകനായിരുന്നു പ്രഭാഷകൻ.

രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഉന്നമനത്തെ സ്വന്തം ലക്ഷ്യമായി കണ്ട് പ്രവർത്തിച്ച തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു ഡോ. കലാമെന്ന് തരകൻ അനുസ്മരിച്ചു. ജീവിതത്തിൽ അദേഹം കൈവരിച്ച നേട്ടങ്ങൾക്ക് ഉപരി, രാഷ്ട്രത്തെയും പൗരൻമാരെയും അകമഴിഞ്ഞു സ്‌നേഹിച്ച ഒരു വിശിഷ്ടവ്യക്തിത്വമായിരുന്നു ഡോ. കലാമെന്നും തരകൻ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തെ അടുത്ത പത്തു വർഷക്കാലത്ത് യുദ്ധത്തിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു റോ യുടെ ചീഫായി സ്ഥാനമേറ്റപ്പോൾ ഡോ. കലാം നൽകിയ ആദ്യ ഉപദേശമെന്ന് തരകൻ അനുസ്മരിച്ചു.

ചേമ്പറിന്റെ മുൻപ്രസിഡന്റായ സി.എസ്. കർത്ത തരകന് ഉപഹാരം നൽകി ആദരിച്ചു. ചേമ്പർ പ്രസിഡന്റ് ഷാജി വർഗീസ് സ്വാഗതവും സി.എസ്. കർത്ത നന്ദിയും പറഞ്ഞു.