ടി. എം. ജേക്കബിന്റേത് സർഗാത്മക നിയമസഭാ പ്രവർത്തനം : സ്പീക്കർ

Posted on: October 25, 2017

തിരുവനന്തപുരം : മൗലികവും സർഗാത്മകവുമായ നിയമസഭാ പ്രവർത്തനത്തിന്റെ പാഠശാലയായിരുന്നു ടി. എം. ജേക്കബ് എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ടി. എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഒരുക്കിയ ‘അത്ര മേൽ സ്‌നേഹിക്കയാൽ’ എന്ന സ്മരണാഞ്ജലി ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

നിയമസഭാ പ്രവർത്തനത്തിന്റെ സാധ്യതകളും പരിമിതികളും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ നിയമസഭയെ എങ്ങനെ ഉപയോഗിക്കാം എന്നീ വിഷയങ്ങളിൽ അദ്ദേഹത്തെ പുതു സാമാജികർക്ക് മാതൃകയാക്കാവുന്നതാണെന്ന് ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഏറ്റവും മികച്ച നിയമസഭാസാമാജികനുള്ള ടി.എം.ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് അവാർഡ് കെ.സുരേഷ് കുറുപ്പ് എം.എൽ.എയ്ക്ക് ടി.എം ജേക്കബിന്റെ പത്‌നി ഡെയ്‌സി ജേക്കബ് സമ്മാനിച്ചു. മുൻമന്ത്രി വി.എസ് ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ദ ഹിന്ദു റസിഡന്റ് എഡിറ്റർ സി. ഗൗരീദാസൻ നായർ ടി.എം. ജേക്കബ് അനുസ്മരണപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ചെയർമാൻ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

പുരസ്‌കാര നിർണയ സമിതി ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സണ്ണിക്കുട്ടി ഏബ്രഹാം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ടി.എം ജേക്കബിന്റെ പുത്രി അമ്പിളി ജേക്കബ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റിന്റെ പേരിലെ ചികിത്സാസഹായ വിതരണം ട്രസ്റ്റ് അംഗം അനില അനൂപ് നിർവഹിച്ചു.

TAGS: T. M. Jacob |