കെ പി ഹോർമിസ് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി

Posted on: October 24, 2017

അങ്കമാലി : ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ പി ഹോർമിസിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടു നിന്ന ആഘോഷ പരിപാടികൾക്ക് അങ്കമാലി മൂക്കന്നൂരിൽ ഉജ്ജ്വലമായ പരിസമാപ്തി. കഴിഞ്ഞ ഒരുവർഷമായി കെ പി ഹോർമിസിന്റെ ജന്മനാടായ മൂക്കന്നൂരിൽ നിരവധി വികസന പദ്ധതികളാണ് പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയത്. മൂക്കന്നൂർ ഗ്രാമത്തെ പൂർണ്ണമായും ഡിജിറ്റൽവത്കരിക്കുക, ഭവനരഹിതർക്ക് വീട് വച്ച് നൽകുക, വാക്കത്തോൺ, മറ്റ് കായിക സാംസ്‌കാരിക പരിപാടികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു.

മൂക്കന്നൂർ സേക്രഡ്ഹാർട്ട്‌സ് ഹൈസ്‌കൂളിൽ നടന്ന സമാപന ചടങ്ങിൽ പദ്മവിഭൂഷൺ ഇ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഡയറക്ടർ സി ബാലഗോപാൽ, എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ അശുതോഷ് ഖജുരിയ, സിഎസ്ആർ മേധാവി രാജു ഹോർമിസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി വർഗീസ്, സേക്രഡ്ഹാർട്ട് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ബ്രദർ വർഗീസ് മാഞ്ഞാലി, നെറ്റ്‌വർക്ക്‌ഹെഡ് ജോസ് വി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം തോമസ് എം.എ, കൊച്ചുറാണി തോമസ് എന്നിവർക്ക് ചടങ്ങിൽ നൽകി. സമാപന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിച്ചത്. ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ പി ഹോർമിസ് ഉയർത്തിപിടിച്ച മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബാങ്ക് എന്നും ശ്രദ്ധാലുക്കളാണെന്ന് ഫെഡറൽ ബാങ്ക് എംഡിയുംസിഇഒയുമായ ശ്യം ശ്രീനിവാസൻ പറഞ്ഞു.