താജ് ഗേറ്റ്‌വേ 5000 കിലോ കേക്ക് ഒരുക്കുന്നു

Posted on: October 23, 2017

കൊച്ചി : എറണാകുളം താജ്‌ഗേറ്റ്‌വേ ഹോട്ടലിൽ ഈ വർഷത്തെ ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾക്കായി 5000 കിലോഗ്രാം കേക്ക് നിർമ്മിക്കാൻ ലക്ഷ്യമിട്ട് കേക്ക് മിക്‌സിംഗ് ചടങ്ങ് നടത്തപ്പെട്ടു.

തുടർച്ചയായി 22 ാം വർഷമാണ് താജ്‌ഗേറ്റ്‌വേയിൽ ക്രിസ്മസ് കേക്ക് നിർമിക്കുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് സലിൻ കുമാറും പാസ്ട്രി ഷെഫ് ജോൺസണുമാണ് ഈ വർഷത്തെ കേക്ക് നിർമാണത്തിന് നേതൃത്വം നൽകുന്നത് ഇവർക്ക് ഒരു ലക്ഷത്തിലേറെ കിലോഗ്രാം കേക്ക് നിർമിച്ച മുൻപരിചയമുണ്ട്.

ചേരുവകൾ ശേഖരിക്കുന്നതു മുതൽ കേക്ക് ഉത്പാദനത്തിന്റെ എല്ലാ മേഖലകളിലും തികഞ്ഞ ഗുണമേൻമ ഉറപ്പു വരുത്താൻ താജ്‌ഗേറ്റ്‌വേ എല്ലായ്‌പ്പോഴും ശ്രദ്ധചെലുത്തിവരുന്നു. കേക്കുണ്ടാക്കാനുപയോഗിക്കുന്ന ഉണങ്ങിയ പഴവർഗങ്ങളിലെ ഈർപ്പത്തിന്റെ അംശം ശരിയായ അളവിലാണോ എന്നുവരെ ഷെഫുമാർ ഉറപ്പുവരുത്തും. കേക്കിന്റെ ഗുണമേൻമയെ സംബന്ധിച്ചേടത്തോളം പ്രധാന ഘടകമാണിത്.

ഇത്തവണ കേക്ക് മിക്‌സിങ്ങിനായി 1700 കിലോഗ്രാം ഉണക്ക പഴവർഗങ്ങളാണ് ഉപയോഗിച്ചത്. ഇവ വിദേശമദ്യത്തിൽ കുഴച്ച ശേഷം താജ്ഗ്രൂപ്പിന് മാത്രമറിയാവുന്ന വിശേഷാൽ സുഗന്ധദ്രവ്യങ്ങളുടെ മിശ്രിതം ചേർത്ത് ഏറ്റവും കുറഞ്ഞത് രണ്ട് മാസക്കാലം വായുകടയ്ക്കാത്ത കണ്ടെയ്‌നറിൽ സൂക്ഷിക്കും. കേക്കിന് നല്ല രുചിയും മണവും ലഭിക്കാനാണ് ഈ സൂക്ഷിപ്പ്.