ടൂറിസം – ഐടി സാധ്യതകൾ : കേരളം വിജയിച്ചില്ലെന്ന് അൽഫോൺസ് കണ്ണന്താനം

Posted on: October 17, 2017

കൊച്ചി : ടുറിസം – ഐ.ടി മേഖകളിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര ടുറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. കേരള മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ സ്വീകരണസമ്മേളനത്തിൽ വിഷൻ ഫോർ ടുറിസം ആൻഡ് ഐടി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന മേഖലയാണ് ടൂറിസം.വളരെ വലിയ മുതൽമുടക്കില്ലാതെ കേരളത്തിൽ ടുറിസം പദ്ധതികൾ നടപ്പാക്കാൻ കഴിയും. എന്നാൽ അതിനുള്ള നേതൃപരമായ അഭാവം വളരെ വലുതാണ്. സാഹസിക ടൂറിസം, റിലിജീയസ് ടൂറിസം തുടങ്ങിയ നിരവധി സാധ്യതകളുണ്ട്. എന്നാൽ വൃത്തിയില്ലാത്തവർ എന്ന് പറഞ്ഞു നാം കളിയാക്കുന്ന തമിഴ്‌നാടാണ് ടൂറിസത്തിന്റെ കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ നമ്പർ വൺ.

രാജ്യത്ത് 70 ശതമാനം ജനങ്ങളാണ് പുണ്യകേന്ദ്രങ്ങളിൽ എത്തുന്നത്.  ഇത്തരം സ്ഥലങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് അടിസ്ഥാന സൗകര്യം ഒരുക്കുവാനാണ് കേന്ദ്ര ടൂറിസം വകുപ്പ് ആലോചിക്കുന്നതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയെ കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദും ഡയമണ്ട് ജൂബിലി ചെയർമാൻ പ്രസാദ് കെ. പണിക്കരും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസാദ് കെ പണിക്കർ, പ്രോഗ്രാം ചെയർ ദീപക് എൽ. അസ്വാനി എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും സെക്രട്ടറി ആർ മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.