കൊച്ചി ബിനാലെ : ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപ നൽകി

Posted on: October 11, 2017

കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം ലക്കത്തിന് ലുലു ഗ്രൂപ്പ് രണ്ട് കോടി രൂപ നൽകി. സമകാലീന കലയോട് എന്നും പ്രത്യേക ആഭിമുഖ്യം പുലർത്തുന്ന ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫ് അലിയുടെ പ്രത്യേക താത്പര്യപ്രകാരമാണിത്. 2014 ൽ നടന്ന ബിനാലെ രണ്ടാം ലക്കത്തിന് അമ്പതു ലക്ഷം രൂപ നൽകികൊണ്ടാണ് ഈ സമാകാലീന കലാവിരുന്നുമായി ലുലു ഗ്രൂപ്പിന്റെ ബന്ധം ആരംഭിക്കുന്നത്. 2016 ലെ മൂന്നാം ലക്കത്തിന് ഒരു കോടി രൂപയായിരുന്നു ഗ്രൂപ്പ് നൽകിയത്.

എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പിന്റെ ഡയറക്ടർ എം എ നിഷാദ്, മാനേജർ വി പീതാംബരൻ എന്നിവർ ചേർന്ന് രണ്ട് കോടി രൂപയുടെ ചെക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ്, കെ ബി എഫ് സെക്രട്ടറി റിയാസ് കോമു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിനും വിശിഷ്യാ കേരളത്തിനും ലഭിച്ച പ്രത്യേക ഭാഗ്യമാണ് ബിനാലെയെന്ന് ആശംസ സന്ദേശത്തിൽ എം എ യൂസഫ് അലി പറഞ്ഞു. ഈ അന്താരാഷ്ട്ര സംരംഭത്തെ ഏവരും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും വേണമെന്നും അദേഹം കൂട്ടിച്ചേർത്തു.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഹിസ് ഹൈനസ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസ്മി കേരളത്തിൽ വന്നപ്പോൾ ബിനാലെയുടെ സംഘാടകരുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്ന് തിരിച്ചു പോകുന്നതിനു മുമ്പ് അദ്ദേഹം ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കൊച്ചി ബിനാലെയിലുള്ള വിശ്വാസം ലുലു ഗ്രൂപ്പ് കാത്തു സൂക്ഷിക്കുന്നതിൽ കൃതജ്ഞരാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. രാജ്യത്തെ സാംസ്‌കാരിക മേഖലയുടെ അഭിമാനം വാനോളമുയർത്തിയ കലാസംരംഭത്തിന്റെ രക്ഷാധികാരിയായി ഒരു വ്യവസായം മാറുന്നത് മികച്ച ഉദാഹരണമാണെന്നും അദേഹം പറഞ്ഞു.

കലാസ്വാദകരും പൊതുജനങ്ങളും ഒരു പോലെ അംഗീകരിച്ച കൊച്ചി ബിനാലെയുടെ സുസ്ഥിര പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ഇതിലൂടെ ലഭിക്കുന്നത്. സംസ്ഥാനത്തിന് സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഇതു പോലുള്ള മികച്ച സമകാലീന കലാസംരംഭങ്ങളിലൂടെ കഴിയുന്നുവെന്നും ബോസ് ചൂണ്ടിക്കാട്ടി.

ബിനാലെ പോലൊരു കലാവിരുന്ന സംഘടിപ്പിക്കുമ്പോൾ സർക്കാർ, വ്യവസായലോകം എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായം ഏറെ പ്രധാനപ്പെട്ടതാണെന്ന് ബിനാലെ സഹസ്ഥാപകനും ആദ്യ ബിനാലെയുടെ സഹ ക്യൂറേറ്ററുമായ റിയാസ് കോമു പറഞ്ഞു. കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന എം എ യൂസഫ് അലിയുടെ പ്രവൃത്തി ശ്ലാഖനീയമാണ്. ബിനാലെയുടെ സുസ്ഥിരമായ വികസനത്തിലും പ്രാധാന്യത്തിലും അദ്ദേഹത്തിനുള്ള വിശ്വാസമാണ് ഇതിലൂടെ വെളിവായിട്ടുള്ളതെന്നും റിയാസ് പറഞ്ഞു. കലയും വാണിജ്യവും തമ്മിലുള്ള ക്രിയാത്മകമായ ബന്ധമാണിതെന്നും അീേഹം പറഞ്ഞു.

പ്രശസ്ത ആർട്ടിസ്റ്റ് അനിത ദുബേയാണ് 2018 ഡിസംബറിൽ ആരംഭിക്കുന്ന നാലാം ബിനാലെയുടെ ക്യൂറേറ്റർ. സുദർശൻ ഷെട്ടി ക്യൂറേറ്റ് ചെയ്ത മൂന്നാം ബിനാലെയിൽ 31 രാജ്യങ്ങളിൽ നിന്നായി 97 ആർട്ടിസ്റ്റുകൾ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.