ബിനാലെയെ അടുത്തറിഞ്ഞ് ഷെയ്ഖ് സുൽത്താൻ

Posted on: September 30, 2017

ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആർടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രം ബോസ് കൃഷ്ണമാചാരി സമർപ്പിക്കുന്നു. ഡോ. എം എ യൂസഫലി, എൻ ബി സ്വരാജ്, വി നന്ദകുമാർ, അദീബ് അഹമ്മദ്, അഷ്‌റഫ് അലി എന്നിവർ സമീപം.

കൊച്ചി : കലയോടും കലാകാരൻമാരോടുമുള്ള ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്‌നേഹവായ്പിന് ആർടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രം ഉപഹാരമായി സമർപ്പിച്ച് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ. ഷാർജ ബിനാലെയുടെ പേട്രൺ കൂടിയായ ഷെയ്ഖ് സുൽത്താൻ കൊച്ചി ബിനാലെയുടെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് എം എ യൂസഫലി ബിനാലെ ഫൗണ്ടേഷൻ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരിയെ സുൽത്താനുമായി കൂടിക്കാഴ്ചക്ക് അദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ആർടിസ്റ്റ് നമ്പൂതിരി വരച്ച മനോഹര ചിത്രം രാജാവിന് ഉപഹാരമായി നൽകിയ ബോസ് കൃഷ്ണമാചാരി അദേഹവുമായി കലയെയും സംസ്‌കാരത്തെയും കുറിച്ച് ഹ്രസ്വസംഭാഷണം നടത്തി.

ഷാർജ ബിനാലെയുടെ സ്ഥാപകയായ ഭരണാധികാരിയുടെ മകൾ ജപ്പാനിൽ വെച്ച് ആഗോള ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ സന്തോഷം യൂസഫലിയുമായും ബോസുമായും ശൈഖ് സുൽത്താൻ പങ്ക് വെച്ചു. കൊച്ചി മുസ്‌രിസ് ബിനാലെപ്പറ്റി താത്പര്യത്തോടെ ചോദിച്ചറിഞ്ഞ സുൽത്താനോട് അതിന്റെ പ്രധാന പിന്തുണ നൽകുന്നത് എം.എ.യൂസഫലിയാണെന്ന് പറയുകയും ചെയ്തു. ബിനാലെ ഫൗണ്ടേഷന് എം എ യൂസഫലി നൽകുന്ന പിന്തുണയെ സുൽത്താൻ കൂടിക്കാഴ്ചയിൽ പ്രശംസിച്ചു.

അറബ് ലോകത്ത് കലയുടെയും സംസ്‌കാരത്തിന്റെയും പതാകവാഹകനാണ് ഷെയ്ഖ് സുൽത്താനെന്നും അദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായാണ് ഷാർജ മിഡിൽ ഈസ്റ്റിന്റെ സാംസ്‌കാരിക തലസ്ഥാനമായി മാറിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഷാർജ ബിനാലെയുടെ പ്രസിഡണ്ടായ ഷെയ്ഖ് സുൽത്താന്റെ പുത്രി ബിനാലെ ഫൗണ്ടേഷന് എല്ലാ പിന്തുമയും നൽകുന്നുണ്ട്. മഹാപണ്ഡിതനായ ഷെയ്ഖ് സുൽത്താനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമാണെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.