ഏഷ്യയിലെ ആദ്യ അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാന്റേഷൻ അമൃതയിൽ

Posted on: September 30, 2017

കൊച്ചി : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (അമൃത ആശുപത്രി) ഏഷ്യയിലെയും രാജ്യത്തെയും ആദ്യ അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി നടത്തി. റോഡപകടത്തിൽ പരുക്കേറ്റ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിക്കൽ എൻജിനീയറിംഗ് വിദ്യാർഥിനിയായ ശ്രേയ സിദ്ധനഗൗഡ (19) യാണ് അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയ ആയത്.

ശ്രേയയുടെ ഇരു കൈകളുടെയും മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗമാണ് മാറ്റിവച്ചത്. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളജിലെ ബി കോം അവസാന വർഷ വിദ്യാർഥിയായിരുന്ന ഇരുപതുകാരനായ സച്ചിൻ ആണ് ശ്രേയയ്ക്ക് അവയവങ്ങൾ ദാനം ചെയ്തത്. മസ്തിഷ്‌കമരണം സംഭവിച്ചതറിഞ്ഞ സച്ചിൻറെ മാതാപിതാക്കൾ കൈകളും മറ്റ് അവയവങ്ങളും ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു.

പൂനെ ടാറ്റ മോട്ടോഴ്സിലെ സീനിയർ മാനേജർ ഫക്കിർഗൗഡ സിദ്ധനാഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും ഏക മകളാണ് ശ്രേയ. കഴിഞ്ഞ സെപ്തംബറിൽ പൂനെയിൽ നിന്നും മംഗളൂരുവിലെ കോളജിലേക്ക് വരുംവഴി ശ്രേയ സഞ്ചരിച്ചിരുന്ന ബസ് മറിയുകയും ഇരു കൈകളും ഞെരിഞ്ഞമരുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയയുടെ ഇരുകൈകളും കൈമുട്ടിൽ വച്ച് മുറിച്ചു മാറ്റുകയായിരുന്നു.

ചെറുപ്രായത്തിൽ തന്നെ ഇരു കൈകളും നഷ്ടപ്പെട്ട എനിക്ക് സ്വപ്‌നങ്ങളും ലോകം തന്നെയും ഇല്ലാതായത് പോലെ തോന്നു. എന്നാൽ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളെടെയും വാത്സല്യവും പിന്തുണയും എനിക്ക് കരുത്ത് പകർന്നു, ശ്രേയ പറഞ്ഞു. കൈമാറ്റി വെയ്ക്കൽ ഇന്ത്യയിൽ സാധ്യമാണെന്ന അമ്മയുടെ വാക്കുകൾ തനിക്ക് പ്രതീക്ഷയേകി. അന്ന് മുതൽ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചുവെന്ന് ശ്രേയ പറഞ്ഞു. പിന്നീട് കൃത്രിമ കൈ പിടിപ്പിച്ചുവെങ്കിലും അതുപയോഗിച്ചു ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുവിൽ ശ്രേയയുടെ കാത്തിരിപ്പ് അവസാനിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്.

ശ്രേയയുടെ ഇരു കൈകളും മാറ്റി വെയ്ക്കുന്നതിന് അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ട്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ 20 സർജന്മാരും 16 അംഗ അനസ്തെറ്റിക് ടീമും 13 മണിക്കൂറാണ് പ്രയത്‌നിച്ചത്. കൈത്തണ്ടയ്‌ക്കോ കണങ്കൈയ്‌ക്കോ മുകളിൽ കൈകൾ മാറ്റി വെയ്ക്കുന്നതിനേക്കാൾ കടുത്ത വെല്ലുവിളിയാണ് മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗത്ത് കൈകൾ മാറ്റി വെയ്ക്കുന്നതെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.

നിരവധി ഞരമ്പുകൾ, മസിലുകൾ, രക്തധമനികൾ എന്നിവ യോജിക്കുന്ന ഭാഗമായതിനാൽ ഏറെ അപകട സാധ്യതയുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയ. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗത്ത് ഭാരം തങ്ങേണ്ടി വരുമെന്നതിനാൽ കൈകളുടെ പുനഃസ്ഥാപനവും ഏറെ വെല്ലുവിളിയായിരുന്നു. ശ്രേയയുടെ കാര്യത്തിൽ മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗത്തിൻറെ മധ്യഭാഗത്തായിരുന്നു ഇരു കൈകളും ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഏഷ്യയിലെ രാജ്യത്തോ നടക്കുന്നതെന്നും അദേഹം അവകാശപ്പെട്ടു. ലോകത്ത് തന്നെ ഇത്തരം 9 ശസ്ത്രക്രിയകൾ നടന്നിട്ടുള്ളൂ എന്നും അദേഹം ചൂണ്ടിക്കാട്ടി.

ശസ്ത്രക്രിയയോട് ശ്രേയയുടെ ശരീരം നന്നായി പ്രതികരിച്ചെന്നും കൈകൾക്ക് ചലനശേഷി ലഭിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശ്രേയ ഇപ്പോൾ ഇന്റൻസീവ് ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷൻ ചികിത്സയും ചെയ്തുവരുന്നു. വിരലുകളും കണങ്കൈയും തോളും ചലിപ്പിക്കുന്ന വ്യായാമത്തിലാണ് ശ്രേയ ഇപ്പോൾ. ആഴ്ചകൾക്കുള്ളിൽ കൈമുട്ട് ചലിപ്പിക്കാനാവുമെന്നും അടുത്ത ഒന്നര വർഷത്തിനുള്ളിൽ ശ്രേയയ്ക്ക് കൈകളുടെ 85 ശതമാനം ചലന ശേഷിയും തിരികെ ലഭിക്കുമെന്നും ശസ്ത്രക്രിയയുടെ ഭാഗമായിരുന്ന ഡോ.മോഹിത്ശർമയും ഡോ. രവിശങ്കരനും പറഞ്ഞു.

പുരുഷൻറെ കൈയാണ് മാറ്റി വച്ചതെങ്കിലും ശ്രേയ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ എനിക്ക് സന്തോഷകരവും സാധാരണനിലയിലുമുള്ള ജീവിതം നയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഠനം പൂർത്തിയാക്കണം, അപകടത്തിന് മുൻപുണ്ടായിരുന്ന സ്വപ്നങ്ങൾ സഫലമാക്കണം, ഇത് മാത്രമാണ് ആഗ്രഹമെന്നും ശ്രേയ പറയുന്നു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കും കൈകൾ ദാനം ചെയ്ത സച്ചിൻറെ കുടുംബത്തിനും ശ്രേയ നന്ദി പറഞ്ഞു.

2015 ൽ ടി.ആർ.മനു എന്ന വ്യക്തിക്ക് കൈകൾ മാറ്റി വച്ചുകൊണ്ട് രാജ്യത്തെ ആദ്യ കൈപ്പത്തി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി അമൃത ആശുപത്രി ചരിത്രം കുറിച്ചിരുന്നു. പിന്നീട് അതേ വർഷം ഏപ്രിൽ മാസത്തിൽ യുവ അഫ്ഗാൻ സൈനികനും അമൃത ആശുപത്രിയിൽ കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ ഇവ രണ്ടും കണങ്കൈ ഭാഗത്താണ് മാറ്റിവെയ്ക്കൽ നടത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ മറ്റൊരു രോഗിയിൽ രാജ്യത്തെ ആദ്യ കൈമുട്ടിന് താഴെ ഡബിൾ ട്രാൻസ്പ്ലാന്റേഷൻ അമൃതയിൽ നടന്നിരുന്നു.