സി ബി എസ് ഇ സംസ്ഥാന കൺവൻഷൻ : പാഠ്യപദ്ധതിയിൽ സമൂല മാറ്റം വേണമെന്ന് റിച്ചാർഡ് ഹേ

Posted on: September 23, 2017

കേരള സി ബി എസ് ഇ സ്‌കൂൾ മാനേജ്‌മെൻറ്‌സ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച സി ബി എസ് ഇ കൺവൻഷൻ റിച്ചാർഡ് ഹേ എംപി ഉദ്ഘാടനം ചെയുന്നു. ഡെപ്യൂട്ടി മേയർ ടി ജെ വിനോദ്, അഡ്വ. ടി പി എം ഇബ്രാഹിം ഖാൻ, അബ്ദുസമദ് സമദാനി, ഫാ. ബേബി ചാമക്കാല, കെ എസ് ബി എ തങ്ങൾ, ജി രാജ്‌മോഹൻ, സി എ എബ്രഹാം തോമസ് എന്നിവർ സമീപം.

കൊച്ചി : രാജ്യത്ത് വിദ്യാഭ്യാസമേഖലയിൽ പാഠ്യപദ്ധതിയിൽ സമൂലമാറ്റം അനിവാര്യമെന്ന് റിച്ചാർഡ് ഹേ എംപി. കൂടുതൽ മികച്ച പാഠ്യപദ്ധതിയിലൂടെയേ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി സാധ്യമാകൂ എന്നും അദേഹം പറഞ്ഞു. സി ബി എസ് ഇ സ്‌കൂൾ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും സംസ്ഥാന കൺവൻഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്യത്തെ സി ബി എസ് ഇ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസമേഖലയിൽ ഉണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർക്കും സ്‌കൂൾ മാനേജർമാർക്കും കഴിയണമെന്നും റിച്ചാർഡ് ഹേ പറഞ്ഞു.

മാനേജ്‌മെൻറ് ശാക്തീകരണ പദ്ധതികൾ പ്രഫ. കെ വി തോമസ് എംപി ഉദ്ഘാടനം ചെയ്തു. അബ്ദു സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. സി ബി എസ് ഇ സ്‌കൂളുകൾക്കെതിരെ അപവാദ പ്രചാരണവും അസത്യപ്രചാരണങ്ങളും നടന്നുവരുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള സി ബി എസ് ഇ സ്‌കൂൾ മാനേജ്‌മെൻറ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ടി പി എം ഇബ്രാഹിംഖാൻ കുറ്റപ്പെടുത്തി. കൂട്ടായ്മയുടെ അഭാവം മൂലം സി ബി എസ് ഇ സ്‌കൂളുകളെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.

മുതിർന്ന ചാർട്ടേർഡ് അക്കൗണ്ടന്റും അസോസിയേഷൻ ട്രഷററുമായ സി എ എബ്രഹാം തോമസ്, എസ് ബി ഗ്ലോബൽ മെൻറ്റർ ആൻഡ് ട്രെയിനർ ബാലചന്ദ്രൻ എന്നിവർ സാങ്കേതിക സെഷനുകൾ നയിച്ചു. ജനറൽ കൺവീനർ വി ജെ ജോർജ് കുളങ്ങര, ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ, കോർ കമ്മിറ്റി കൺവീനർ കെ എം ഹാരിസ്, പി എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംബന്ധിച്ചു. സമാപന സമ്മേളനം ജസ്റ്റിസ്. സി കെ അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 1400 സ്‌കൂളുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുത്തു.

TAGS: CBSE |