ഐഎസ്ഡിസി സിഎസ്ആർ പ്രവർത്തനങ്ങൾക്കായി ന്യൂസ് കോർപറേഷനുമായി കൈകോർക്കുന്നു

Posted on: September 16, 2017

കൊച്ചി : ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്കും സിഎസ്ആർ പദ്ധതികൾക്കും സാമൂഹ്യമാധ്യമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ യുഎസില ന്യൂസ് കോർപറേഷനുമായി ധാരണയിലെത്തി. ജിമ്മിക്കി കമ്മൽ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരം യുട്യൂബിലൂടെ മെഗാ ഹിറ്റായി മാറിയതാണ് ഇത്തരത്തിൽ ചിന്തിക്കാൻ ഐഎസ്ഡിസിയെ പ്രേരിപ്പിച്ചതെന്ന് അക്കാദമിക് റിലേഷൻസ് ഡയറക് ടർ വി. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ടിവി ചാനലുകളിലൂടെയും ജിമ്മിക്കി കമ്മൽ നൃത്താവിഷ്‌കാര വീഡിയോ പ്രചരിപ്പിക്കുകയും അതു വഴി ലഭിക്കുന്ന വരുമാനം പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കും സിഎസ്ആർ പദ്ധതികൾക്കും വിനിയോഗിക്കും. പത്ത് ദശലക്ഷത്തിലേറെ പേർ കണ്ട വീഡിയോ പ്രചരിപ്പിക്കുന്നതിനായി ഒരു രാജ്യാന്തര മീഡിയ ഗ്രൂപ്പുമായി ധാരണയിലെത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും ഐഎസ്ഡിസി പ്രതിനിധികൾ പറഞ്ഞു.

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം കൊച്ചി ഇൻഫോപാർക്കിലെ ഐഎസ്ഡിസിയുടെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നൃത്തരൂപത്തിൽ അവതരിപ്പിച്ച് യു ട്യബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. പിന്നീട് സാമൂഹ്യമാധ്യമങ്ങൾ വഴി ഇത് ഹിറ്റായി. അമേരിക്കൻ ടിവി അവതാരകനായ ജിമ്മി കെമ്മൽ തന്റെ പേരുമായുള്ള സാദൃശ്യം മൂലം വീഡിയോയ്ക്ക് കമന്റ് ചെയ്തതോടെ ലോകശ്രദ്ധ നേടുകയുമായിരുന്നു.

ഐഎസ്ഡിസി ഡയറക് ടർമാരായ വേണുഗോപാൽ വി. മേനോൻ, ടി.എൻ. പ്രസാദ്, നിർമ്മൽ ഇൻഫോപാർക്ക് എംഡി ഡോ. സ്റ്റീഫൻ പുതുമന, ജിമ്മിക്കി കമ്മൽ വീഡിയോയിലൂടെ ശ്രദ്ധേയരായ ഷെറിൽ ജെ കടവത്ത്, അന്ന ജോർജ്, ബ്രാൻഡ് പ്രമോഷൻ മാനേജർ മിഥുൻ മംഗലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: ISDC | Jimikki Kammal |