ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്ത് എംആർഐ-സിടി സ്‌കാൻ സെന്റർ തുറന്നു

Posted on: September 14, 2017

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയെ അടിസ്ഥാനപരമായി മാറ്റിയെടുക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളിൽ എച്ച്എൽഎൽ ലൈഫ്‌കെയറിന്റെ പങ്ക് വലുതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.  എച്ച്എൽഎൽ ലൈഫ്‌കെയർ സംരംഭമായ ഹിന്ദ് ലാബ്‌സ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആരംഭിച്ച എംആർഐ-സിടി സ്‌കാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാവർക്കും ആരോഗ്യപരിപാലനം എന്ന സർക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സാധ്യതയുള്ളതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ മെഡിക്കൽ കോളജുകളിൽ എച്ച്എൽഎൽ സ്ഥാപിക്കുന്ന അഞ്ചാമത്തെ എംആർഐ യൂണിറ്റാണ് എസ്എടിയിലേതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എച്ച്എൽഎൽ സിഎംഡി ആർ.പി ഖണ്ഡേൽവാൾ പറഞ്ഞു. സ്വകാര്യമേഖലയേക്കാൾ 60 ശതമാനം കുറഞ്ഞ നിരക്കിൽ എംആർഐ-സിടി സ്‌കാനുകൾ ഹിന്ദ് ലാബ്‌സിൽ ലഭ്യമാക്കും. ബിപിഎൽ വിഭാഗത്തിലെ സാമ്പത്തികക്ലേശം അനുഭവിക്കുന്ന 10 ശതമാനം രോഗികൾക്ക് പരിശോധനകൾ സൗജന്യമാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ എച്ച്എൽഎൽ കേരളത്തിലെ രണ്ടുലക്ഷം രോഗികൾക്ക് പരിശോധനാ ഫലങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം. റംല ബീവി, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, എസ്എടി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ, എച്ച്എൽഎൽ ടെക്‌നിക്കൽ ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ സുബ്രഹ്മണ്യൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം. എസ്. ഷർമ്മദ്, റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. എൻ റോയി, എസ്എടി ആശുപത്രി മുൻ സുപ്രണ്ട് ഡോ. വി. ആർ. നന്ദിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.