കുറഞ്ഞ നിരക്കിൽ എംആർഐ, സിടി സ്‌കാൻ സൗകര്യവുമായി ഹിന്ദ്‌ലാബ്‌സ്

Posted on: September 12, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന്റെ രോഗനിർണയ പരിശോധനകൾക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആർഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബർ 13 മുതൽ ലഭ്യമാകും.

സ്വകാര്യമേഖലയേക്കാൾ 60 ശതമാനം കുറഞ്ഞ നിരക്കിൽ എംആർഐ, സിടി സ്‌കാനുകൾ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആർഐ പരിശോധനാസംവിധാനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാൻ സംവിധാനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരത്തെ തന്നെ ഹിന്ദ് ലാബ്‌സ് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.

തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ്, എസ്എടി, റീജനൽ കാൻസർ സെന്റർ (ആർസിസി), ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിൽ ചികിൽസയ്‌ക്കെത്തുന്നവർക്കും പുറത്തുനിന്നുള്ള രോഗികൾക്കും ചെലവു കുറഞ്ഞ സ്‌കാനിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. 1.5 ടെസ്‌ല എംആർഐ സ്‌കാൻ മെഷീനും 128 സ്‌ലൈസസ് സിടി സ്‌കാൻ യന്ത്രവും വിശ്വസനീയമായ പരിശോധനാ ഫലങ്ങൾ നൽകാൻ പര്യാപ്തമാണ്.

തലയുടെ എംആർഐ സ്‌കാനിന് സ്വകാര്യ മേഖലയിൽ 7500 രൂപയോളം ഈടാക്കുമ്പോൾ ഹിന്ദ് ലാബ്‌സിൽ 3500 രൂപ നൽകിയാൽ മതിയാകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ 2000 രൂപയാണ് ഇതിനുള്ള നിരക്ക്. മറ്റു ലാബുകളിൽ 9000 രൂപ വരെ ചെലവാകുന്ന വയറിന്റെ എംആർഐ സ്‌കാൻ ഹിന്ദ് ലാബ്‌സിൽ 4000 രൂപയ്ക്ക് നടത്താം. മെഡിക്കൽ കോളജിൽ ഇതിന് മൂവായിരം രൂപയാണ് നിരക്ക്. തലയുടെ സിടി സ്‌കാൻ 1100 രൂപയ്ക്ക് ചെയ്യാം. മെഡിക്കൽ കോളജിലേതിനെക്കാൾ മുന്നൂറു രൂപ മാത്രമാണ് കൂടുതൽ. മറ്റു ലാബുകളിൽ ഇതിന് 2200 രൂപയാകും.

മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ട്രിഡ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഹിന്ദ് ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്ററിൽ മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുമുണ്ട്. 2009 ൽ ആരംഭിച്ച ഹിന്ദ് ലാബ്‌സിന്റെ എംആർഐ പരിശോധനാ സംവിധാനം രണ്ടു ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

TAGS: HLL Hindlabs |