ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ പൗരന്മാർക്ക് കടമയുണ്ട് : ജസ്റ്റീസ് കെ.ടി. തോമസ്

Posted on: September 9, 2017

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസിന് സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി. തോമസ് ഉപഹാരം നൽകി ആദരിക്കുന്നു. അഡ്വ.ടോമി കല്ലാനി, നിഷാ സ്‌നേഹക്കൂട്, റഹിം ഒലവക്കോട്, കെ.പി.ഭുവനേശൻ, അമൽ ഗാന്ധിഭവൻ എന്നിവർ സമീപം.

പാലാ : ദേശീയോദ്ഗ്രഥന സന്ദേശവുമായി കാൽ നൂറ്റാണ്ടിലേറെക്കാലമായി പ്രചാരണരംഗത്തുള്ള മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന് ആദരവ്. സ്‌നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് എബി ജെ.ജോസിനെ ആദരിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസ് എബിയ്ക്ക് ഉപഹാരം സമ്മാനിച്ചു. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി പൊന്നാട അണിയിച്ചു.

ദേശീയത ഒരു വികാരമായി ഭാരതീയരിൽ വളരണമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിച്ചു നിന്നാൽ ഭാരതത്തെ തകർക്കാൻ ലോകത്തിൽ ഒരു ശക്തിക്കുമാകില്ലെന്നും കെ.ടി.തോമസ് ചൂണ്ടിക്കാട്ടി. ദേശീയബോധം സ്‌കൂൾ തലത്തിൽ മുതൽ പുതുതലമുറകളിൽ സൃഷ്ടിക്കണമെന്നും അദേഹം നിർദ്ദേശിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചെയർപേഴ്‌സൺ നിഷാ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. ഇൻഡ്യൻ ലോയേഴ്‌സ് കോൺഗ്രസ് ജനറൽസെക്രട്ടറി അഡ്വ. ടോമി കല്ലാനി, പുനലൂർ ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ ഗാന്ധിഭവൻ, കെ.പി.ഭുവനേശൻ, ഏകതാ പ്രവാസി ദേശീയ ചെയർമാൻ റഹിം ഒലവക്കോട്, അനുരാജ് ബി. കെ., സാംജി പഴേപറമ്പിൽ, നിഷാന്ത് ശിവദാസ്, വി. എസ്. തോമസ്, വി.റ്റി.സോമൻകുട്ടി എന്നിവർ പ്രസംഗിച്ചു.

TAGS: Eby J Jose |