ലുലു മാളിൽ ഇന്നു മുതൽ ഓണാഘോഷം

Posted on: August 30, 2017

കൊച്ചി : ലുലു മാളിലെ ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 30 മുതൽ പുലികളിയോടെ തുടക്കമാകും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ സിനിമാ താരം സണ്ണി വെയ്‌നും ഫുട്‌ബോൾ താരം സി കെ വിനീതും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. നാടൻ താളമേളങ്ങളുടെ അകമ്പടിയോടെ പുലിവേഷധാരികൾ അണിനിരക്കുന്ന പുലികളിയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. തുടർന്ന് ജനപ്രിയ ബാൻഡ് ആയ മസാല കോഫിയുടെ മ്യൂസിക്കൽ ഈവനിംഗ് അരങ്ങേറും.

സെപ്തംബർ എട്ട് വരെ നീളുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ലുലു മാളിൽ ഒരുങ്ങുന്നത്. ഓഗസ്റ്റ് 31 നും സെപ്തംബർ ഒന്നിനും നടക്കുന്ന പൂക്കളമത്സരം, പായസമേള, പെയ്ന്റിംഗ്, മലയാളി മങ്ക, ബെസ്റ്റ് കപ്പിൾസ് തുടങ്ങിയ മത്സരങ്ങളിൽ പങ്കാളികളാകുന്ന ഉപഭോക്താക്കൾക്ക് കാഷ് പ്രൈസ് സമ്മാനിക്കും. സെപ്തംബർ രണ്ടു മുതൽ എട്ടുവരെ കുമ്മാട്ടിക്കളി, പൂതംകളി, ചാക്യാർകൂത്ത്, തെയ്യം, കളരിപ്പയറ്റ്, തിരുവാതിരകളി, ഓണക്കളി തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ അരങ്ങേറും. സെപ്തംബർ ആറ് മുതൽ ഒമ്പത് വരെ കുട്ടികൾക്കായി ഓല ഉപയോഗിച്ച് പാരമ്പര്യ രീതിയിൽ ഉണ്ണിപ്പുരയുണ്ടാക്കുന്നതിന് ക്രാഫ്റ്റ് വർക്ക്‌ഷോപ്പും സജ്ജീകരിക്കുന്നുണ്ട്. വൈകുന്നേരം ് 3 മുതൽ രാത്രി 8 വരെ എല്ലാ പ്രായത്തിൽ പെട്ട കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം.

ഓണം പ്രമാണിച്ച് മുമ്പൊരിക്കലും നൽകിയിട്ടില്ലാത്ത മികച്ച ഓഫറുകളും ലുലു ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. ലുലു മാളിലെ എല്ലാ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകൾ ലഭ്യമാകും. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ തെയ്യം, കുമ്മാട്ടി, മയിലാട്ടം, പടയണി, അർജുനനൃത്തം, തിറയാട്ടം തുടങ്ങിയവയുടെ ഇൻസ്റ്റലേഷനുകൾ കൊണ്ട് ഇക്കുറി മാൾ മുഴുവുനായും അലങ്കരിക്കും.

TAGS: Lulu Mall |