കിഫ്ബി തീരദേശ, മലയോര ഹൈവേകൾക്ക് 12000 കോടി നൽകും : മന്ത്രി തോമസ് ഐസക്

Posted on: August 26, 2017

തിരുവനന്തപുരം : തീരദേശ, മലയോര ഹൈവേകൾക്കായി 12000 കോടി രൂപയുടെ പദ്ധതി കിഫ്ബി തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഇനിയുള്ള കാലത്ത് കൂടുതലും നിക്ഷേപം കണ്ടെത്തേണ്ടിവരിക മൂലധന വിപണിയിൽ നിന്നാണ്. ഈ നിക്ഷേപസമാഹരണത്തിനായി നമുക്ക് ഒരു സംവിധാനം ആവശ്യമുണ്ട്. അതാണ് കിഫ്ബി. ടോൾ പിരിച്ചുകൊണ്ടുള്ള വരുമാനമാതൃക കേരളത്തിൽ പ്രായോഗികമല്ലെന്നും കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാറിന്റെ ഭാഗമായി ഡോ.ഐസക് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

നിലവിൽ കിഫ്ബി വഴി അംഗീകരിച്ചുകഴിഞ്ഞ 6000 കോടി രൂപയുടെ പദ്ധതികൾ ടെൻഡറിന് തയ്യാറായിട്ടുണ്ട്. കിഫ്ബി പ്രവർത്തനത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ പ്രാരംഭനടപടി എന്ന നിലയ്ക്കാണ് ബാങ്കിംഗ്, നിക്ഷേപം, സെബി, കിഫ്ബി മാതൃകയിലുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത സെമിനാർ നടത്തിയത്. ഇന്ത്യയിലെ മൂലധന വിപണി ഘടനാപരമായി മാറുകയാണ്. ഈ സാഹചര്യത്തിൽ കിഫ്ബിയിലൂടെ കേരളം എടുത്ത മുൻകൈ സുപ്രധാനമാണ്. ഈ സാമ്പത്തികവർഷം തന്നെ കിഫ്ബി 25000 കോടി രൂപയുടെ പദ്ധതികൾ അംഗീകരിക്കുമെന്നും അദേഹം പറഞ്ഞു.