കൂടിയാട്ടത്തെ പുനരുജ്ജീവിപ്പിക്കാൻ ക്രൗഡ്ഫണ്ടിംഗ്

Posted on: August 18, 2017

കൊച്ചി : കേരളീയ രംഗകലകളിലൊന്നായ കൂടിയാട്ടത്തെ സംരക്ഷിക്കാനും പ്രചാരം നേടിയെടുക്കാനുമായി പ്രശസ്ത ഓൺലൈൻ കലാ-സാംസ്‌കാരിക വിജ്ഞാന കോശമായ സഹപീഡിയ പൊതു ധനസമാഹരണ യജ്ഞത്തിനു തുടക്കമിട്ടു.

തൃശൂർ നേപഥ്യ കൂടിയാട്ടം സെന്ററുമായി ചേർന്നാണ് 20 ലക്ഷം രൂപയുടെ ധനസമാഹരണത്തിനു (ക്രൗഡ് ഫണ്ടിംഗ്) തുടക്കമിട്ടിരിക്കുന്നത്. പൊതുജനങ്ങളിൽനിന്നുള്ള ധനസമാഹരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ബിറ്റ്ഗിവിങ്ങിലൂടെയാണ്(https://www.bitgiving.com/nepathya), ഈ സംയുക്ത ശ്രമം. ലോകത്തു നിലനിൽക്കുന്ന ഏക സംസ്‌കൃതനാടകരൂപമായ കൂടിയാട്ടം, അഭിരുചിയുള്ളവരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

ക്ഷേത്രങ്ങൾക്കുള്ളിൽമാത്രം കെട്ടിയാടിയിരുന്ന കൂടിയാട്ടം മഹാഗുരുക്കന്മാരായ മാണി മാധവ ചാക്യാർ, പൈങ്കുളം രാമചാക്യാർ അമ്മന്നൂർ മാധവ ചാക്യാർ എന്നിവരുടെ പരിശ്രമ ഫലമായി 1950 കളിലാണ് രാജ്യാന്തര വേദികളിലേക്കെത്തിയത്. ഇന്നും ആകെ കൂടിയാട്ടം കലാകാരൻമാരുടെ എണ്ണം അൻപതിൽ താഴെയേ വരൂ. കലാമണ്ഡലം, മാർഗി, അമ്മന്നൂർ ഗുരുകുലം തുടങ്ങി ചുരുക്കം ചില ഇടങ്ങളിലേ കൂടിയാട്ട പരിശീലനവും ലഭ്യമാകുന്നുള്ളു.

ഈ കലാരൂപത്തെ നിലനിർത്താനായി നേപഥ്യ നടത്തുന്ന ശ്രമങ്ങളെ എല്ലാത്തരത്തിലും പിന്തുണയ്ക്കുന്നതായി സഹപീഡിയ എക്‌സിക്യുട്ടീവ് ഡയറക്ടർ സുധ ഗോപാലകൃഷ്ണൻ പറഞ്ഞു.

ജൂലൈ അവസാനവാരം തുടക്കമിട്ട ധനസമാഹരണ യജ്ഞത്തിൽ പത്ത് അഭ്യുദയാകാംക്ഷികളിൽ നിന്നായി 1,02,000 രൂപ ശേഖരിച്ചതായി സഹപീഡിയ പ്രോജക്ട്‌സ് ഡയറക്ടർ നേഹ പാലിവാൽ പഅറിയിച്ചു.