റിലയൻസ് യൂത്ത് സ്‌പോർട്‌സ് സീസൺ 2 ന് തുടക്കമായി

Posted on: August 16, 2017

കൊച്ചി : റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സ് ദേശീയ ഫുട്‌ബോൾ മത്സരത്തിന്റെ രണ്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി. കൊച്ചിയിൽ രാജഗിരി പബ്ലിക് സ്‌കൂളിൽ നൂറു കണക്കിന് കുട്ടികൾ ആവേശം നിറഞ്ഞുനിന്ന വേദിയിൽ ചെയർപേഴ്‌സൺ നിത അംബാനിയും ഇന്ത്യൻ സ്‌ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ സി.കെ. വിനീതും ചേർന്ന് ആർവൈഎഫ്എസിന്റെ രണ്ടാം സീസണ് ആഘോഷപൂർവ്വം തുടക്കമിട്ടു.

രാജ്യത്തെ 30 നഗരങ്ങളിൽ ചാമ്പ്യൻഷിപ്പ് അരങ്ങേറും. സ്‌കൂളുകളിലും കോളേജുകളിലും കായിക മേഖലയ്ക്ക് പുത്തനുണർവ് നൽകാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്‌പോർട്‌സ് എന്ന് രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിനു മുൻപ് നിത അംബാനി പറഞ്ഞു.

കായികമേഖലയിൽ താഴെത്തട്ടിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ആർഎഫ്‌വൈഎസ് ഫുട്‌ബോൾ ടൂർണ്ണമെന്റ്. അടുത്ത അഞ്ചുമാസങ്ങൾക്കുള്ളിൽ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 60,000 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്നത്.

ഉദ്ഘാടന വർഷത്തിൽ എട്ട് ഐഎസ്എൽ നഗരങ്ങളിൽ ചാമ്പ്യൻഷിപ്പ് നടക്കും. ബംഗലുരു, അഹമ്മദാബാദ്, ഷില്ലോംഗ്, ഐസ്‌വാൾ, ഇംഫാൽ, ഹൈദരാബാദ്, ജംഷഡ്പൂർ എന്നീ നഗരങ്ങൾ മത്സരത്തിൽ പങ്കാളികളാകും. കേരളത്തിലും ഗോവയിലും ആർവൈഎഫ്എസ് 2017-18 സീസൺ സംസ്ഥാനത്തെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും. രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ രാജഗിരി പബ്ലിക് സ്‌കൂൾ 1-0 ന് ജയിച്ചു.