കെഎസ്‌ഐഡിസി മെഗാ ഫുഡ് പാർക്ക് ശിലാസ്ഥാപനം ജൂൺ 11 ന്

Posted on: June 13, 2017

കൊച്ചി : കേരളത്തിലെ സമുദ്രോത്പന്ന സംസ്‌ക്കരണ മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുന്ന കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്‌ഐഡിസി) പള്ളിപ്പുറം മെഗാഫുഡ് പാർക്കിന്റെ ശിലാസ്ഥാപനം ജൂൺ 11 ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ഹർസിമ്രത് കൗർ ബാദലും സംയുക്തമായി നിർവഹിക്കും. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കു സമീപം പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തിലാണ് 130 കോടി രൂപയുടെ മെഗാ ഫൂഡ് പാർക്ക് സ്ഥാപിക്കുന്നത്.

പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ സഹമന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി, സംസ്ഥാന വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, ഭക്ഷ്യ, പൊതു വിതരണ മന്ത്രി പി. തിലോത്തമൻ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എംപി, എ.എം. ആരിഫ് എംഎൽഎ, കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആലപ്പുഴ ജില്ലാ കളക്ടർ വീണ എൻ. മാധവൻ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ്, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലീം, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു വേണു, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചാത്ത് മെമ്പർ പി.ഡി. സബീഷ്, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ. രമേശൻ തുടങ്ങിയവർ പ്രസംഗിക്കും.

വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങൾ, പ്രത്യേകിച്ച് സമുദ്രോത്പന്നങ്ങൾ, സംസ്‌ക്കരിക്കുവാൻ ഏറ്റവും അനുയോജ്യമായ മേഖലയായിരിക്കും 65 ഏക്കറിലായി സ്ഥാപിക്കുന്ന മെഗാ ഫുഡ് പാർക്ക്. പാർക്കിന് ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയം അന്തിമാനുമതി നൽകിയിട്ടുണ്ട്. മെഗാ ഫുഡ് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കെഎസ്‌ഐഡിസി തോപ്പുംപടി, വൈപ്പിൻ, മുനമ്പം എന്നിവിടങ്ങളിലായി സംസ്‌ക്കരണത്തിനു മുൻപുള്ള പ്രവർത്തനങ്ങൾക്കായുള്ള മൂന്നു കേന്ദ്രങ്ങളും നീണ്ടകര, അരൂർ എന്നിവിടങ്ങളിലായി ശേഖരണ കേന്ദ്രങ്ങളും സ്ഥാപിക്കും. കെഎസ്‌ഐഡിസി/സംസ്ഥാന സർക്കാർ ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള ഗ്രാന്റ് ആയ 50 കോടി രൂപ, ബാങ്ക് വായ്പയായ പത്തു കോടി രൂപ എന്നിവ ഉൾപ്പെടെയാണ്

ആകെ 130 കോടി രൂപയുടെ നിക്ഷേപം. കോമ്പൗണ്ട് വാൾ, സൈറ്റ് വികസനം, കേന്ദ്രത്തിനകത്തുള്ള റോഡുകൾ, അഴുക്കുചാലുകൾ, വൈദ്യുതി-ജല വിതരണം തുടങ്ങിയവ ഉൾപ്പെട്ടതാണ് അടിസ്ഥാന സൗകര്യ വികസനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യവസായ കെട്ടിട സമുച്ചയം, പൊതു സൗകര്യ കേന്ദ്രം, വെയർഹൗസ്, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസർ, പൊതുവായുള്ള മാലിന്യസംസ്‌കരണം, ഡീബോണിങ്, കാനിങ് കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തും.

പദ്ധതിക്കായുള്ള 50 കോടി വരുന്ന ഭാരതസർക്കാർ ഗ്രാന്റിന്റെ ആദ്യ വിഹിതമായ 30 ശതമാനം വരുന്ന 15 കോടി രൂപ 2016 സെപ്റ്റംബർ 30 നും ഡിസംബർ 31 നുമായി കെ.എസ്‌ഐഡിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി വികസനവും കോമ്പൗണ്ട് വാളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. റോഡ്, ഓവുചാലുകൾ എന്നിവയുടെ ജോലികൾ അന്തിമഘട്ടത്തിലാണ്. പൊതു സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടത്തിന്റേയും വെയർ ഹൗസിന്റേയും ജോലികളും പുരോഗമിക്കുകയാണ്. സംസ്‌ക്കരണത്തിനു മുൻപുള്ള ജോലികൾക്കായി തോപ്പുംപടിയിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിനായുള്ള ഭൂമി കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്നു ലഭ്യമാക്കിയിട്ടുണ്ട്. ഭൂമിക്കുള്ള ചെലവ് ഉൾപ്പെടെ ഇതുവരെ 30 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവഴിച്ചിട്ടുള്ളത്.

ലോകനിലവാരത്തിലുളള സൗകര്യങ്ങളാണ് ഈ ഭക്ഷ്യസംസ്‌കരണപാർക്കിൽ ഏർപ്പെടുത്തുന്നത്. ലോകനിലവാരമുളള മാലിന്യസംസ്‌കരണ സൗകര്യങ്ങളാണ് പാർക്കിൽ ലഭ്യമാക്കിയിട്ടുളളത്. കൂടാതെ കയറ്റുമതി ലക്ഷ്യമാക്കിയിട്ടുളള മൽസ്യസംസ്‌കരണത്തിനാണ് പ്രാമുഖ്യം നൽകുന്നത്. 33 കമ്പനികൾ കെഎസ്‌ഐഡിസിയെ സമീപിക്കുകയും അതിൽ 19 കമ്പനികൾക്ക് 33 ഏക്കർ സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യ ഭക്ഷ്യ സംസ്‌കരണ വ്യവസായികൾ സ്ഥലം ലഭ്യമാക്കി കമ്പനികളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. 50 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്ന പാർക്ക് 2018 ജൂൺ മാസത്തിൽ പൂർണമായും പ്രവർത്തനസജജമാകും.

TAGS: KSIDC |