ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാൻ ലക്ഷ്യം : കടകംപള്ളി സുരേന്ദ്രൻ

Posted on: June 13, 2017

കൊച്ചി : അടുത്ത നാലുവർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊച്ചിയിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലേക്ക് 2021 ആകുമ്പോഴേക്കും ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനം കണ്ടു വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ ഉദ്യമത്തിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അദേഹം പറഞ്ഞു. ഇതിനുള്ള കാൽവയ്പാണ് ഐസിടിടിയിലൂടെ 2013 ൽ നടന്നത്. ഇന്ന് കേരളത്തിലെ ടൂറിസം വ്യവസായം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാകുന്നതിന്റെ കാരണം ഐസിടിടിയാണെന്നും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് സൗകര്യങ്ങൾ വർധിപ്പിക്കുന്നത് പ്രദേശവാസികളെക്കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു. അതിനായി എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. പ്രദേശവാസികളിൽ ഡിജിറ്റൽ സാക്ഷരത ഉണ്ടാക്കുകയും അവരുടെ നൈപുണ്യ വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികൾ നടപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാക്ഷരത കൈവരുന്നതോടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലും വർധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മദ്യനയം കേരളത്തിലെ ടൂറിസം വ്യവസായത്തിന് ദോഷകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിവിധ അന്താരാഷ്ട്ര-ആഭ്യന്തര സമ്മേളനങ്ങളുടെ പ്രിയ വേദിയായിരുന്നു കേരളം. മദ്യനിരോധനം വന്നതോടെ കേരളത്തിന് തിരിച്ചടി നേരിട്ടു. ഇതിന് മദ്യം മാത്രമാണ് കാരണമെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാൽ കേരളത്തിന്റെ അതേ കാലാവസ്ഥയുള്ള ശ്രീലങ്ക ഈയവസരം മുതലാക്കി. സർക്കാരിന്റെ പുതിയ മദ്യനയം സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പഴയ മദ്യനയം നിലവിലുള്ളപ്പോൾ പോലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ടൂറിസം മേഖലയുടെ വളർച്ച 12 ശതമാനത്തിൽനിന്ന് നേർപകുതിയായി എന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഹൈബി ഈഡൻ എംൽഎ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വേണു വി, ടൂറിസം ഡയറക്ടർ ബാല കിരൺ, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ(അറ്റോയി) പ്രസിഡന്റ് അനീഷ് കുമാർ പി.കെ, ഐസിടിടി കൺവീനർ ശൈലേഷ് നായർ എന്നിവർ പ്രസംഗിച്ചു.