ഈസ്‌റ്റേണിന് വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം

Posted on: June 8, 2017

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം വ്യവസായ മന്ത്രി എ.സി. മൊയ്തീനിൽ നിന്നും ഈസ്റ്റേൺ ഗ്രൂപ്പിന് വേണ്ടി സീനിയർ മാനേജർ നസീമ ആസാദ്, ക്വാളിറ്റി മാനേജർ പരശുരാമൻ, ഡെപ്യൂട്ടി മാനേജർ അരോക്കിയ എഡ്‌വിൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന് വീണ്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം. മീഡിയം ബി വ്യവസായ വിഭാഗത്തിൽ 50,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങിയതാണ് പുരസ്‌കാരം. മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഈസ്റ്റേൺ പുലർത്തുന്ന മികവിനെ ജൂറി പ്രശംസിച്ചു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പുരസ്‌കാരം സമ്മാനിച്ചു. ഈസ്റ്റേണിനു വേണ്ടി സീനിയർ മാനേജർ നസീമ ആസാദ്, ക്വാളിറ്റി മാനേജർ പരശുരാമൻ, ഡെപ്യൂട്ടി മാനേജർ അരോക്കിയ എഡ്‌വിൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനരീതിക്കും ഫാക്ടറികളിലുൾപ്പെടെ ഏർപ്പെടുത്തിയിട്ടുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുമൊപ്പം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾക്കും ഈസ്റ്റേൺ കോണ്ടിമെന്റ്‌സ്. നേതൃത്വം നൽകുന്നുണ്ട്. കമ്പനിയുടെ കോർപറേറ്റ് ഓഫീസിലും തേനിയിലെ പ്ലാന്റിലും സൗരോർജ്ജമാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിൽ ഈസ്റ്റേൺ പുതുതായി പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കെല്ലാം ബയോ ഡീഗ്രേഡബിൾ പാക്കിംഗാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തന മികവിനു ലഭിച്ച അംഗീകാരം തുടർന്നും ഇക്കാര്യത്തിൽ കൂടുതൽ കരുതലോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോകാൻ തങ്ങൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.