മികച്ച നേതൃനിരയ്ക്കായി മൂല്യങ്ങൾക്കും നൈതികതയ്ക്കും ഊന്നൽ : ഇ. ശ്രീധരൻ

Posted on: June 6, 2017

തിരുവനന്തപുരം : മികച്ച നേതൃനിരയെ വാർത്തെടുക്കുന്നതിനായി മൂല്യങ്ങൾക്കും നൈതികതയ്ക്കുമാണ് ഊന്നൽ നൽകേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. എച്ച്എൽഎൽ ലൈഫ്‌കെയർ മുൻ സിഎംഡി ഡോ. എം. അയ്യപ്പന്റെ നേത്യത്വത്തിൽ മൂല്യാധിഷ്ഠിത നേതൃനിരയെ വാർത്തെടുക്കുന്നതിനായി രൂപീകരിച്ച ഗുഡ് ടു ഗ്രേറ്റ് (ജി2ജി) മാനേജ്‌മെന്റ് സർവീസസ് എന്ന സ്ഥാപനം ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

സമയനിഷ്ഠ, തൊഴിലിനോട് ആത്മാർഥത, മത്സരയോഗ്യത, പ്രതിജ്ഞാബദ്ധത എന്നിവയാണ് മികച്ച നേതൃത്വത്തിനും മികച്ച തൊഴിൽസംസ്‌കാരത്തിനും അനുയോജ്യമായ നിർണായക ഘടകങ്ങൾ. ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമായിരിക്കണം പകർന്നുനൽകേണ്ടത്. ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷന് 2008 ൽ ഏറ്റവും മികച്ച കോർപ്പറേറ്റ് സ്ഥാപനത്തിനുള്ള ഇന്ത്യൻ മാനേജ്‌മെന്റ് അസോസിയേഷന്റെ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അത് ഡിഎംആർസിയുടെ മികച്ച തൊഴിൽസംസ്‌കാരത്തിന് ലഭിച്ച അംഗീകാരമാണ്. ഒരു സ്ഥാപനത്തിന്റെ വിജയം അളക്കേണ്ടത് അത് സമൂഹജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളിലൂടെയാവണമെന്നും അദേഹം കൂട്ടിച്ചേർത്തു. ജി2ജിയുടെ ചീഫ് മെന്റർ കൂടിയാണ് ഇ. ശ്രീധരൻ.

 

 

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എ.പി.ജെ. അബ്ദുൾ കലാം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി. ഐസക് അധ്യക്ഷനായി. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ തുടർന്നു നടന്ന പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. ലോഡ്‌സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ. പി. ഹരിദാസ് ഡോ. എം. അയ്യപ്പനുമായി ജി2ജിയുടെ ആദ്യ ധാരണാപത്രം കൈമാറി.

ലോകപ്രസിദ്ധ മാനേജ്‌മെന്റ് ഗുരു ജിം കോളിൻസിന്റെ ഗുഡ് ടു ഗ്രേറ്റ് (നല്ലതിൽനിന്ന് മികവുറ്റതിലേക്ക്) എന്ന മാനേജ്‌മെന്റ് തത്വമാണ് ജി2ജിയുടെ പ്രചോദനമെന്ന് ഡോ. അയ്യപ്പൻ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള മാനേജ്‌മെന്റ് കൺസൾട്ടൻസി എന്ന നിലയിൽ എല്ലാ മാസവും ഒരു ദിവസം സ്റ്റാർട്ടപ്പുകൾക്കും ലാഭേതരമായി പ്രവർത്തിക്കുന്ന എൻജിഒകൾക്കും സൗജന്യ മെന്ററിംഗും പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായവും നൽകുമെന്നും അദേഹം പറഞ്ഞു.

ബെക്ടൺ ഡിക്കിൻസൺ ആൻഡ് കോ മുൻ എംഡിയും ജി2ജിയുടെ മാനേജിംഗ് ഡയറക്ടറുമായ മനോജ് ഗോപാലകൃഷ്ണ, ജി2ജി ഡയറക്ടർ ജോർജ് തോമസ്, സൺടെക് പ്രസിഡന്റും സിഇഒയുമായ കെ. നന്ദകുമാർ, കാനറാ ബാങ്ക് റീജിയണൽ ഹെഡ് ബി. ആനന്ദ്, ഗ്ലാസ് ആൻഡ് ഗ്ലേസിംഗ് സിസ്റ്റംസ് എംഡി ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.