ആസ്റ്റർ മെഡ്‌സിറ്റിയിൽ അപൂർവ ഉറക്കവൈകല്യം കണ്ടെത്തി

Posted on: April 9, 2017

കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ അപൂർവ ഉറക്കവൈകല്യം കണ്ടെത്തി. ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലുവയസുകാരിയിലാണ് അപൂർവ ഉറക്കവൈകല്യമായ ക്ലെയ്ൻ ലെവിൻ സിൻഡ്രോം സ്ഥിരീകരിച്ചത്.

സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്നറിയപ്പെടുന്ന ഈ പ്രത്യേക രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. ഒരു ദശലക്ഷം പേരിൽ ഒന്നോ രണ്ടോ പേരിൽ മാത്രമാണ് അത്യപൂർവമായ ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. കാലടി കാഞ്ഞൂർ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകളാണ് ലിയ. ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവർഷത്തിനുശേഷം കൃത്രിമ അണ്ഡബീജ സങ്കലനത്തിലൂടെയായിരുന്നു ലിയയുടെ ജനനം.

മൂന്നാം വയസിലാണ് കുട്ടി സംസാരിച്ചുതുടങ്ങിയത് മൂന്നാം വയസിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യാതൊരു കാരണവുമില്ലാതെ ലിയ അസ്വസ്ഥയായതിനെത്തുടർന്ന് അബോധാവസ്ഥയിലായി. ചുഴലിരോഗമാണെന്ന് കരുതി ഡോക്ടർമാർ കോച്ചിവലിവിനുള്ള മരുന്ന് നല്കി. ഇതിനുശേഷം നാല് മാസത്തിനുള്ളിൽ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. വിവിധ ആശുപത്രികളിൽ മൂന്ന് തവണ പ്രവേശിപ്പിക്കപ്പെട്ട ലിയയുടെ യഥാർത്ഥ രോഗം എവിടെയും കണ്ടെത്തിയില്ല.

പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടർന്ന് കഴിഞ്ഞ മാസം പതിനാറിനാണ് ആദ്യമായി ലിയയെ ആസ്റ്റർ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബർ മുഹമ്മദ് ചേട്ടാലി പറഞ്ഞു.

ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു. തുടർച്ചയായ ഇസിജി പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേയ്ക്ക് യാതൊരു പ്രതികരണവുമില്ലാതെ ലിയ ഉറക്കത്തിലായിരുന്നു. പരിശോധനകളിൽ ദീർഘനേരത്തേയ്ക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങൾ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്‌നോഗ്രഫി, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവയുടെ പരിശോധനയിലൂടെ ദീർഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളല്ലെന്ന് വ്യക്തമായി. കുട്ടികളുടെ സൈക്യാട്രി പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുമായുള്ള ചർച്ചകളുടെയും അടിസ്ഥാനത്തിൽ ലിയയ്ക്ക് ക്ലെയ്ൻ ലെവിൻ സിൻഡ്രോം ആണെന്ന് സ്ഥിരീകരിച്ചു.

ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നിൽ രണ്ട് പേരും പുരുഷന്മാരാണ്. സ്ലീപ്പിംഗ് ബ്യൂട്ടി രോഗം കണ്ടെത്തിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ലിയ. ക്ലെയ്ൻ ലെവിൻ സിൻഡ്രോം എന്ന അവസ്ഥയിൽ മണിക്കൂറുകൾ തൊട്ട് ദിവസങ്ങൾവരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തിൽ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിന് ശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും.

കുടുംബചരിത്രം പരിശോധിച്ചതിൽനിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും ദീർഘനാൾ ബോധക്ഷയം സംഭവിച്ചിരുന്നുവെന്നും അസ്വാഭാവികമായാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഈ മരണവും ക്ലെയ്ൻ ലെവിൻ സിൻഡ്രോം മൂലമാണെന്ന് സംശയിക്കുന്നതായി ഡോ. അക്ബർ വിശദീകരിച്ചു. സൈക്കാട്രി പരിശോധനകളും കുട്ടിക്ക് ക്ലെയ്ൻ ലെവിൻ സിൻഡ്രോം ആണെന്ന് വ്യക്തമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിന്‌ശേഷം ന്യൂറോലെപ്റ്റിക്‌സ്, മൂഡ് സ്റ്റെബിലൈസറുകൾ, ഉന്മേഷം നല്കുന്ന മരുന്നുകൾ എന്നിവ നല്കി. മരുന്നുകളോട് നല്ല പ്രതികരണം കാണിച്ച ലിയ ഉണർന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നു.

സ്ലീപ് അറ്റാക്കുകളുടെ തോത് പ്രായം വർദ്ധിക്കുന്തോറും കുറഞ്ഞുവരാറുണ്ട്. വീണ്ടും രോഗമുണ്ടാകാമെന്നതിനെക്കുറിച്ചും ദീർഘനാൾ മരുന്ന് കഴിക്കേണ്ടിവരുമെന്നതിനെക്കുറിച്ചും മാതാപിതാക്കൾക്ക് കൗൺസലിംഗ് നല്കി. കൃത്യമായ ഉറക്കം തുടർന്നുകൊണ്ടുപോകണമെന്നും നിർദ്ദേശിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്ധരായ ഡോക്ടർമാർ കൃത്യമായി ഈ രോഗം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ലിയയുടെ പിതാവ് ഡെന്നി പറഞ്ഞു.