ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ലീഡ്‌ലെസ് പേസ്‌മേക്കർ ശസ്ത്രക്രിയ

Posted on: March 26, 2017

കൊച്ചി : ലോകത്തിലെ ഏറ്റവും ചെറിയ ലീഡ്‌ലെസ് പേസ്‌മേക്കർ ശസ്ത്രക്രിയ തിരുവല്ല ബിലീവേഴ്‌സ് ചർച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി നടത്തി. ഹൃസ്വരൂപത്തിലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ അടങ്ങിയ ഈ ഉപകരണം 74 വയസുള്ള രോഗിയിലാണ് ഘടിപ്പിച്ചത്. ഹൃദയപേശികളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഈ ഉപകരണത്തിന്റെ വലിപ്പം പരമ്പരാഗത പേസ്‌മേക്കർ ഉപകരണത്തിന്റെ പത്തിലൊന്നു മാത്രമാണ്.

ലീഡ് ഇല്ലായെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. ഒരു വലിയ വൈറ്റമിൻ ക്യാപ്‌സ്യൂളിന്റെ മാത്രം വലിപ്പമുള്ള ഈ ഉപകരണത്തിൽ ഏറ്റവും നൂതനവും വിപുലവുമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ ഈ പുതിയ പേസ്‌മേക്കർ ഉപയോഗിക്കുന്നതിനുള്ള അനുവാദം അടുത്തിടെയാണ് യുഎസ് എഫ്ഡിഎ (അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) നൽകിയത്.

ഹൃദയമിടിപ്പ് മിനിട്ടിൽ 60 ൽ കുറയുകയോ താളംതെറ്റുകയോ ചെയ്യുന്ന അവസ്ഥയിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഓക്‌സിജൻ അടങ്ങിയ രക്തത്തെ പമ്പു ചെയ്യുന്നതിന് ഹൃദയത്തിന് സാധിക്കാതെ വരികയും ഇതിനെത്തുടർന്ന് തലകറക്കം, ബോധക്കേട്, കിതപ്പ്, ക്ഷീണം മുതലായ രോഗാവസ്ഥകൾ ഉണ്ടാകുകയും ചെയ്യുന്നു. പ്രസ്തുത അവസ്ഥയുള്ള ഹൃദയത്തെ സാധാരണഗതിയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണമാണ് പേസ്‌മേക്കർ.

തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്തലാബ് മേധാവിയും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. രവി ചെറിയാൻ മാത്യു, കാർഡിയോളജി വിഭാഗം മേധാവി ഡോ. ലീനാ തോമസ്, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ടി. യു. സക്കറിയാസ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

ഒരു വർഷം മുമ്പ് ഈ രോഗിയിൽ പരമ്പരാഗത പേസ്‌മേക്കർ ഘടിപ്പിക്കുകയും ഒരു വർഷത്തിനു ശേഷം ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധ ഉണ്ടായതിനാൽ പേസ്‌മേക്കർ തിരിച്ചെടുക്കേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് താരതമ്യേന ചെലവു കൂടിയ ഈ പേസ്‌മേക്കർ ഘടിപ്പിച്ചതെന്ന് ഡോ. ലീനാ തോമസ് പറഞ്ഞു. കാലിലെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടാവുന്ന കത്തീറ്റർ മുഖാന്തരം ഹൃദയത്തിന്റെ അറയിൽ നേരിട്ട് ഘടിപ്പിക്കാവുന്നതു കൊണ്ട് ശസ്ത്രക്രിയ മൂലം ഉണ്ടാകുന്ന മുറിവ് രോഗിയുടെ ശരീരത്തിൽ കാണുന്നില്ല. രോഗിയുടെ ദിനചര്യകൾക്കനുസരിച്ച് ഹൃദയതാളം സ്വയമായി നിയന്ത്രിക്കാൻ ഈ ഉപകരണത്തിന് സാധിക്കുമെന്നും ഡോ. രവി ചെറിയാൻ മാത്യു പറഞ്ഞു.

ഈ ഉപകരണം എംആർഐ സ്‌കാനിംഗിന് തടസമാകുന്നില്ല. കൂടാതെ ആവശ്യമെങ്കിൽ ഈ ഉപകരണം ശരീരത്തിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കുന്നതാണ്. ശസ്ത്രക്രിയക്കുശേഷം അടുത്ത ദിവസം തന്നെ രോഗിയ്ക്കു വീട്ടിലേയ്ക്ക് മടങ്ങുവാനും സാധിക്കും.