കലയ്ക്ക് സാങ്കേതികവിദ്യയിൽ അനന്ത സാധ്യതകളെന്ന് ഗൂഗിൾ ഇന്ത്യ മേധാവി

Posted on: March 15, 2017

കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയിൽ കലയെ സാങ്കേതികവിദ്യയുമായി സൃഷ്ടിപരമായി സംയോജിപ്പിച്ചിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സഹകരണം ഇനിയും സാധ്യമാക്കി ഇപ്രാവശ്യവും ബിനാലെയുടെ വിർച്വൽ ടൂർ തയാറാക്കുമെന്നും ഗൂഗിൾ ഇന്ത്യ മേധാവിയും ഇന്ത്യ-തെക്കുകിഴക്കനേഷ്യ വൈസ് പ്രസിഡന്റുമായ രാജൻ ആനന്ദൻ വ്യക്തമാക്കി.

സാങ്കേതികവിദ്യ കലയെ നല്ല രീതിയിൽ സ്വാധീനിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ബിനാലെ സന്ദർശനത്തിനെത്തിയ രാജൻ പറഞ്ഞു. അതിനെ സൃഷ്ടിപരമായി ഉപയോഗിക്കുക എന്നത് കലാകാരന്റെ സാധ്യതയാണ്. രാജൻ ആനന്ദനും കലാവസ്തുക്കൾ ശേഖരിക്കുന്നത് വിനോദമാക്കിയ ഭാര്യ രാധിക ചോപ്രയും കൊച്ചി ബിനാലെയുടെ രക്ഷാധികാരികളാണ്.

ബിനാലെ കാണാൻ കഴിയാത്തവർക്കായി ഗൂഗിൾ ഇവിടുത്തെ പ്രതിഷ്ഠാപനങ്ങളും പ്രദർശനങ്ങളും ഇത്തവണയും ഡിജിറ്റൽ രൂപത്തിലാക്കുമെന്നും ഇതിനായി ഗൂഗിൾ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടും കൊച്ചി ബിനാലെ ഫൗണ്ടേഷനും സഹകരിക്കുമെന്നും അദേഹം വ്യക്തമാക്കി. വിർച്വൽ ടൂറിലൂടെ എല്ലാവർക്കും ബിനാലെ ആസ്വദിക്കാൻ കഴിയും. ഗൂഗിളിന്റെ ഉയർന്ന ഗ്രഹണശേഷിയുള്ള സ്ട്രീറ്റ് വ്യൂ ക്യാമറകളിലൂടെ ഒപ്പിയെടുക്കുന്ന ബിനാലെ ദൃശ്യങ്ങൾ ഗൂഗിൾ ആർട്‌സ് ആൻഡ് കൾചറൽ പ്രോജക്ടിന്റെ ഭാഗമാക്കി ജനങ്ങൾക്ക് നൽകും. 2014 ലെ ദൃശ്യങ്ങൾ ഇപ്പോൾതന്നെ ലഭ്യമാണ്.

ഇപ്പോഴത്തെ ദൃശ്യങ്ങൾ ബിനാലെ കഴിഞ്ഞാലുടൻ 360 ഡിഗ്രി സാങ്കേതികവിദ്യ സംയോജിപ്പിച്ചുള്ള വിർച്വൽ ടൂറിലൂടെ ഉടൻതന്നെ ലഭ്യമാക്കുകയും ചെയ്യും. അന്താരാഷ്ട്ര വനിതാദിനത്തിൽ ബിനാലെയിലെ കലാകാരികളുടെ സൃഷ്ടികൾ ഇങ്ങനെ പുറത്തിറക്കിയിരുന്നു. ദൃശ്യങ്ങൾക്കൊപ്പംതന്നെ ആർട്ടിസ്റ്റിനെക്കുറിച്ചും അവരുടെ സൃഷ്ടികളെക്കുറിച്ചുമുള്ള വിശദാംശങ്ങളും നൽകുമെന്ന് രാജൻ ആനന്ദൻ പറഞ്ഞു. ബിനാലെയുടെ ഉന്നതനിലവാരത്തെ പ്രശംസിച്ച രാജൻ ആനന്ദൻ തനിക്കേറ്റവും ഇഷ്ടപ്പെട്ടത് സ്ലൊവേനിയൻ സാഹിത്യകാരൻ അലസ് സ്റ്റെഗറുടെ പിരമിഡ് ഓഫ് എക്‌സൈൽഡ് പോയറ്റ്‌സ് എന്ന സൃഷ്ടിയായിരുന്നവെന്ന് ചൂണ്ടിക്കാട്ടി.

ലോകം നേരിടുന്ന അഭയാർഥി പ്രശ്‌നത്തെ അതിമനോഹരമായാണ് ഇത് ചിത്രീകരിക്കുന്നത്. പിരമിഡ് പോലുള്ള സൃഷ്ടികൾ ജനങ്ങളെ കലയുമായി വല്ലാതെ സൗഹൃദത്തിലാക്കുകയും കലയെ അവർക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റൗൾ സുരീറ്റയുടെ ‘സീ ഓഫ് പെയിൻ’ എന്ന ബിനാലെ പ്രതിഷ്ഠാപനവും രാജനും ഭാര്യയും സ്‌പോൺസർ ചെയ്തിട്ടുണ്ട്.