ഇന്ത്യയിലെ രണ്ടാമത്തെ ബ്ലോക്‌ചെയിൻ അക്കാദമി കേരളത്തിൽ

Posted on: March 9, 2017

തിരുവനന്തപുരം : ബ്ലോക്‌ചെയിൻ എജ്യുക്കേഷൻ നെറ്റ്‌വർക്കുമായി സഹകരിച്ച് കേരളത്തിൽ ബ്ലോക്‌ചെയിൻ അക്കാദമി ആരംഭിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് -കേരള (ഐഐഐടിഎം-കെ) അറിയിച്ചു. ടെക്‌നോപാർക്കിൽ ഐഐഐടിഎം-കെ സംഘടിപ്പിച്ച ബ്ലോക്‌ചെയിൻ ടെക്‌നോളജി ശിൽപശാലയിൽ ഐഐഐടിഎം-കെ ഡയറക്ടർ ഡോ. രാജശ്രീ എം.എസ് ആണ് പ്രഖ്യാപനം നടത്തിയത്.

ബാംഗ്ലൂരിലാണ് ആദ്യ അക്കാദമി പ്രവർത്തിക്കുന്നത്. ബാങ്ക്, ആരോഗ്യം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ബ്ലോക്‌ചെയിനിന്റെ സാധ്യതകളെന്ന് ഐഐഐടിഎം-കെയിലെ അസോസിയേറ്റ് പ്രഫസറും ശിൽപശാലയുടെ മുഖ്യ സംഘാടകനുമായ ഡോ. അഷ്‌റഫ് എസ്. പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളുടെ പുരോഗമനവും പ്രവചനാത്മക സാങ്കേതികവിദ്യയുടെ വളർച്ചയും കൂടി കണക്കിലെടുക്കുമ്പോൾ കൂടുതൽ സ്വയംപ്രതിരോധശേഷിയുള്ള വിവിരശേഖരണ മാർഗമായി ബ്ലോക്‌ചെയിനുകൾ വികസിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. ഡോ. അഷറഫും ഐഐഐടിഎം-കെയിലെ അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർഥിയായ ആദർശ് എസും സംയുക്തമായി ബ്ലോക്‌ചെയിൻ ടെക്‌നോളജിൽ രചിച്ച പാഠപുസ്തകം ഐജിഐ ഗ്ലോബൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്ലോക്‌ചെയിൻ ടെക്‌നോളജി സോഫ്റ്റ്‌വേർ രംഗത്തുമാത്രമല്ല, ഹാർഡ്‌വേർ രംഗത്തും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്ന് ഐഐഐടിഎം-കെ നടത്തുന്ന ഇലക്‌ട്രോണിക് ഇൻക്യുബേറ്ററായ മേക്കർ വില്ലേജിന്റെ കൺസൾട്ടന്റായ പ്രഫ. എസ്. രാജീവ് പറഞ്ഞു. വികേന്ദ്രീക്രത കംപ്യൂട്ടിംഗും ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപകരണങ്ങളും കൂടി ബ്ലോക്‌ചെയിൻ ടെക്‌നോളജിയിൽ ഉൾപ്പെടുന്നതിനാൽ മേക്കർ വില്ലേജിനും ഇതിൽ ഏറെ പങ്കുവഹിക്കാനുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ഐബിഎം റിസർച്ച് ലാബ്‌സിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ദിലീപ് കൃഷ്ണസ്വാമി, വീഡിയോ കോൺഫെറൻസിംഗിലൂടെ ബ്ലോക്‌ചെയിൻ എജ്യുക്കേഷൻ നെറ്റ്‌വർക്കിന്റെ മൈക്കൽ ഗോർഡ്, മുത്തൂറ്റ് പാപ്പച്ചൻ ടെക്‌നോളജീസ് സിഇഒ കൃഷ്ണൻ നീലകണ്ഠൻ, ഹോഡോ മെഡിക്കൽ ഇൻഫർമാറ്റിക്‌സ് സൊല്യൂഷൻസ് എംഡി ഷബീർ അലി, ഫെഡറൽ ബാങ്ക് ഐടി എന്റർപ്രൈസസ് – മൊബിലിറ്റി ചീഫ് മാനേജർ സരൺ ജോസഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.