ബിനാലെ സൃഷ്ടികളിൽ മനം നിറഞ്ഞ് പ്രണബ്

Posted on: March 9, 2017

കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയ്ക്ക് നൽകിയത് വേറിട്ട ആസ്വാദന അനുഭവം. ഫോർട്ട് കൊച്ചി കബ്രാൾ യാർഡിൽ ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് അദ്ദേഹം തൊട്ടടുത്ത ആസ്പിൻ വാൾ ഹൗസിലെ പ്രധാന ബിനാലെ വേദി സന്ദർശിച്ചത്. ഗവർണർ ജസ്റ്റീസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ സൗമിനി ജെയിൻ എന്നിവർ അദേഹത്തെ അനുഗമിച്ചു.

പി.കെ സദാനന്ദന്റെ പറയിപെറ്റു പന്തിരു കുലമാണ് രാഷ്ട്രപതി ആദ്യം സന്ദർശിച്ചത്. 15 മീറ്റർ നീളവും 3 മീറ്റർ ഉയരവുമുള്ള കൂറ്റൻ ചുവർ ചിത്രം വളരെ കൗതുകത്തോടെയാണ് അദ്ദേഹം നോക്കിനിന്നത്. ഓരോ കഥയുടെയും ചിത്രങ്ങൾ പി.കെ സദാനന്ദൻ തന്നെ രാഷ്ട്രപതിയോട് വിവരിച്ചു. പിന്നീട് അനാമിക ഹസ്‌കറിന്റെ കോമ്പോസിഷൻ ഓഫ് വാട്ടർ, ഗൗരി ഗില്ലിന്റെ ഫോട്ടോപ്രദർശനം, എന്നിവയും നടന്നു കണ്ടു. കമീൽ നോർമന്റിന്റെ പ്രൈം രാഷ്ട്രപതിയക്ക് ഏറെ ഇഷ്ടമായി. കായൽക്കരയിലേക്ക് നോക്കിയുള്ള ഇരിപ്പിടത്തിൽ അദ്ദേഹം അൽപനേരം ചെലവഴിച്ചു. റൗൾ സുരീതയുടെ സീ ഓഫ് പെയിനും കണ്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഉച്ച തിരിഞ്ഞ് മൂന്നരയോടെയാണ് ഡൽഹിയിൽനിന്ന് രാഷ്ട്രപതി കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയത്. ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ സൗമിനി ജെയിൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിനാലെ ട്രസ്റ്റംഗം ബോണി തോമസ് എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.

TAGS: Kochi Biennale |