ഫ്‌ളവേഴ്‌സ് ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Posted on: March 2, 2017

കൊച്ചി : രണ്ടാമത് ഫ്‌ളവേഴ്‌സ് ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയൽ. മികച്ച നടനായി ബിജു സോപാനത്തെയും (ഉപ്പും മുളകും – ഫ്‌ളവേഴ്‌സ്) മികച്ച നടിയായി സ്വാസികയേയും (ചിന്താവിഷ്ടയായ സീത – ഏഷ്യാനെറ്റ്) തെരഞ്ഞെടുത്തു. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകൻ ജി. ആർ. കൃഷ്ണനാണ് മികച്ച സംവിധായകൻ.

അജി ജോൺ – മികച്ച സഹനടൻ (പോക്കുവെയിൽ -ഫ്‌ളവേഴ്‌സ്), ശാരി – മികച്ച സഹനടി (നിലാവും നക്ഷത്രങ്ങളും – അമൃത), ദേവി അജിത് – മികച്ച സഹനടി ജൂറി പരാമർശം (ഈറൻ നിലാവ് – ഫ്‌ളവേഴ്‌സ്), മഞ്ജു പിള്ള – മികച്ച ഹാസ്യതാരം. മഞ്ജു സുനിച്ചൻ – മികച്ച ഹാസ്യതാരം ജൂറി പരാമർശം (കുന്നംകുളത്ത് അങ്ങാടി – മീഡിയവൺ), നൈല ഉഷ – മികച്ച അവതാരക, അഭിലാഷ് മോഹൻ – മികച്ച വാർത്ത അവതാരകൻ (റിപ്പോർട്ടർ ടിവി), സുബിത സുകുമാരൻ – മികച്ച ന്യൂസ് റിപ്പോർട്ടർ (ജീവൻ ടിവി), മികച്ച ഡോക്യുമെന്ററി – മലമുഴക്കിയുടെ ജീവനസംഗീതം (മാതൃഭൂമി ടിവി), സംവിധാനം – ബിജു പങ്കജ്, ക്യാമറ – ബിനു തോമസ്, പുതുമയാർന്ന ടെലിവിഷൻ പ്രോഗ്രാം – നമ്മൾ (ഏഷ്യനെറ്റ് ന്യൂസ്), മികച്ച പരിസ്ഥിതിസൗഹൃദ പരിപാടി – സ്‌നേക്ക് മാസ്റ്റർ (കൗമുദിടിവി), സംവിധാനം കിഷോർ കരമന, അവതാരകൻ – വാവ സുരേഷ്.

വി.കെ. ശ്രീരാമൻ, സഫാരി ടിവി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര, എം. വി. നികേഷ്‌കുമാർ, സി. ആർ. ചന്ദ്രൻ, സിബി ചാവറ, ജി. സാജൻ (ദൂരദർശൻ) എന്നിവർക്കാണ് ദൃശ്യമാധ്യമ രംഗത്തെ ബഹുമുഖപ്രതിഭാ പുരസ്‌കാരങ്ങൾ. ശ്യാമപ്രസാദിനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡിന് തെരഞ്ഞെടുത്തു.

അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ മാർച്ച് അഞ്ചിന് വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്ത അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ എസ് നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്.