ഐഎംഎ കൊച്ചി മിനി മാരത്തോൺ ഏപ്രിൽ രണ്ടിന്

Posted on: February 27, 2017

കൊച്ചി : പ്രമേഹ രോഗ നിവാരണത്തിന് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ ഐഎംഎ കൊച്ചി ഏപ്രിൽ രണ്ടിന് സംഘടിപ്പിക്കുന്ന മിനി മാരത്തോണിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ്കുമാർ രജിസ്‌ട്രേഷൻ കൂപ്പൺ ഐഎംഎ സ്‌പോർട്ട്‌സ് വിംഗ് കൺവീനർ ഡോ. വിനോദ് പദ്മനാഭന് നൽകി ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ രണ്ടിന് രാവിലെ ആറിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്നാരാംഭിക്കുന്ന മിനി മാരത്തോൺ പാലാരിവട്ടം വഴി ഐഎംഎ ഹൗസിൽ എത്തിചേരും. ഏഴു കിലോമീറ്ററാണ് ദൈർഘ്യം. പ്രമുഖ സ്‌പോർട്‌സ് ഉത്പന്ന വിതരണക്കാരായ ഡക്കാത്തലോൺ, റിസേർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് മിനി മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. എം. നാരായണൻ പറഞ്ഞു.

ഡക്കാത്തലോണിന്റെ കളമശേരി, വൈറ്റില ഷോറൂമുകളിലും, ഐഎംഎ ഹൗസിലും രജിസ്‌ട്രേഷൻ നടത്താം. യോഗത്തിൽ ഡോ. റോയ് എബ്രാഹം കള്ളിവയലിൽ, ഡോ.ജോസഫ് മാണി, ഡോ. സാമുവൽ കോശി, ഡോ. എ. വി.ജയകൃഷ്ണൻ, ഡോ. വി. മധു, ഡോ. ശ്രീനിവാസ കമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു.

TAGS: IMA Kochi |