ദേശീയ പരിശീലക ഉച്ചകോടിക്ക് തുടക്കമായി

Posted on: February 23, 2017

നാളെയുടെ പരിശീലകർ : ദ്വിദിന ദേശീയ പരിശീലക ഉച്ചകോടി കൊച്ചിയിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ ലത ഉദ്ഘാടനം ചെയ്യുന്നു. ആർ. ചന്ദ്രവദന, ഡയാന ഡെന്റിങ്ർ, സതീഷ് കുമാർ, ജോസ് പി ഫിലിപ്പ്, നിർമല ലില്ലി എന്നിവർ സമീപം.

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് & ഡെവലപ്‌മെന്റ് (ഐ എസ് റ്റി ഡി), ടി ഫോർ ട്രെയിനർ ഡോട്ട് കോം എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന നാളെയുടെ പരിശീലകർ : ദ്വിദിന ദേശീയ പരിശീലക ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കമായി. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസം ജോലി നേടാൻ വേണ്ടിയുള്ള മാർഗം മാത്രമല്ലെന്നും വിദ്യാർഥിക്ക് തൻറെ കഴിവും ആത്മവിശ്വാസവും തിരിച്ചറിയുമ്പോഴാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം പൂർത്തീകരിക്കുന്നതെന്നും ഡോ. ലത പറഞ്ഞു. ഓരോരുത്തരുടെയും അഭിരുചി മനസ്സിലാക്കിയും തങ്ങൾക്ക് കഴിയുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസത്തിൻറെ യദാർത്ഥ ഗുണഫലം ലഭിക്കുന്നത്. നൈപുണ്യ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചെന്നും വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.

ജീവിതരീതിയുടെ ശക്തി തിരിച്ചറിയുകയാണ് ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാന ഗുണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇറ്റലിയിലെ മീനിംഗ് ഓഫ് ലൈഫ് സ്‌കൂൾ സ്ഥാപക ഡയാന ഡെന്റിങ്ർ പറഞ്ഞു. ഐ എസ് റ്റി ഡി കൊച്ചി ചാപ്റ്റർ ചെയർമാൻ ജോസ് പി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ഫോർ ട്രെയിനർ ഡോട്ട് കോം സ്ഥാപക ആർ.ചന്ദ്രവദന, ജെ എസ് എസ് ഡയറക്ടർ സതീഷ്, ഐ എസ് റ്റി ഡി സെക്രട്ടറി നിർമല ലില്ലി എന്നിവർ പങ്കെടുത്തു. ലണ്ടനിലെ തരൂർ അസോസിയേറ്റ്‌സിലെ സ്മിത തരൂർ, കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹരികൃഷ്ണൻ,തിരുനൽവേലി സബ്കലക്ടർ വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.

രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സ്‌കൂളിനെ കുറിച്ച് ഇന്ന് (വ്യാഴം)നടക്കുന്ന സെഷനിൽ സഹജ് രാജ്യാന്തര സ്‌കൂൾ സഹ സ്ഥാപകൻ വിജയരാജ മല്ലിക സംസാരിക്കും. തുടർന്ന് ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ രാജ്യ പുരോഗതി എന്ന വിഷയത്തിൽ അൺസ്പാൻ കൺസൾട്ടിംഗ് ഗ്രൂപ്പിൻറെ സ്ഥാപകയും സി ഇ ഒ യുമായ ഡോ. സോം സിംഗ് സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ കേരള സംസ്ഥാന ഇന്നൊവേഷൻ കൗൺസിൽ ചെയർമാനും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായിരുന്ന ലക്ഷ്മൺ രാധാകൃഷ്ണൻ, കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പൗലോസ് ജേക്കബ് തുടങ്ങിയവർ സംസാരിക്കും.

TAGS: ISTD |