കോമൺവെൽത്ത് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: February 17, 2017

കൊച്ചി : ന്യൂസിലാൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2018 ൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ന്യൂസിലാൻഡ് ഗവൺമെന്റ് കോമൺവെൽത്ത് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 30 വരെ അപേക്ഷകൾ സ്വീകരിക്കും.

ന്യൂസിലാൻഡും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ, വാണിജ്യ, കായിക, വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് സുദീർഘമായ പാരമ്പര്യമാണുള്ളതെന്ന് ഇന്ത്യയിലെ ന്യൂസിലാൻഡ് ആക്ടിംഗ് ഹൈ കമ്മീഷണർ സൂസന്ന ജോസഫ് പറഞ്ഞു. സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് ന്യൂസിലാൻഡിന്റെ ലോകോത്തര വിദ്യാഭ്യാസമാണ് ലഭിക്കുകയെന്ന് എജ്യുക്കേഷൻ ന്യൂസിലാൻഡ് റീജണൽ ഡയറക്ടർ ജോൺ ലാക്‌സൺ പറഞ്ഞു.

ന്യൂസിലാൻഡിലെ എട്ട് സർവകലാശാലകളിലെ മാസ്റ്റേഴ്‌സ് ഡിഗ്രി (1-2 കൊല്ലം) പിഎച്ച്ഡി (3-4 കൊല്ലം) പ്രോഗ്രാമിനാണ് സ്‌കോളർഷിപ്പു ലഭിക്കുക. റിന്യൂവബിൾ എനർജി, കാർഷിക വികസനം, ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ്, വിദ്യാഭ്യാസം, പബ്ലിക്-പ്രൈവറ്റ് സെക്ടർ മാനേജ്‌മെന്റ് എന്നിവയാണ് സ്‌കോളർഷിപ്പിനുള്ള വിഷയങ്ങൾ ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉതുകുന്നവ കൂടിയാവണം പഠനങ്ങൾ.

മുഴുവൻ ട്യൂഷൻ ഫീസ്, രണ്ടാഴ്ചത്തെ അലവൻസ് എസ്റ്റാബ്ലിഷ്‌മെന്റ് അലവൻസ്, മെഡിക്കൽ, ട്രാവൽ ഇൻഷുറൻസ് യാത്രാചെലവുകൾ എന്നിവയെല്ലാം സ്‌കോളർഷിപ്പിൽ ഉൾപ്പെടും. അപേക്ഷാഫോറം www.mfat.govt.nz/scholarships ലഭിക്കും.