ഒറ്റയാൾ പോരാട്ടത്തിന്റെ കാൽനൂറ്റാണ്ട് പുസ്തകരൂപത്തിൽ

Posted on: February 14, 2017

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന്റെ കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പുറത്തിറക്കിയ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ എന്ന പുസ്തകം പാലായിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ പ്രകാശനം ചെയ്യുന്നു. അഡ്വ. ടോമി കല്ലാനി, സാംജി പഴേപറമ്പിൽ, ആർ. അജിരാജകുമാർ, എബി ജെ. ജോസ്, ജോസ് പാറേക്കാട്ട്, ഡോ. സിന്ധുമോൾ ജേക്കബ് എന്നിവർ സമീപം.

പാലാ : സാമൂഹ്യപ്രതിബദ്ധതയോടെ കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒറ്റയാൾ പോരാട്ടങ്ങൾ നടത്തിവരുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന്റെ പ്രവർത്തനങ്ങൾ പുസ്തകരൂപത്തിൽ. ഫ്രണ്ട്‌സ് ഓഫ് എബി ജെ. ജോസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ എന്ന പേരിലുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസും സംസ്ഥാന പോലീസ് കംപ്ലയിൻസ് അഥോറിട്ടി ചെയർമാനുമായ ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പാണ്. വിവിധ കേന്ദ്രമന്ത്രിമാരുടെ ആശംസകളും പുസ്തകത്തിലുണ്ട്.

ദേശീയപതാക, ദേശീയഗാനം എന്നിവയുടെ ദുരുപയോഗത്തിനെതിരെയും രാഷ്ട്രപിതാവിനെ ആക്ഷേപിച്ചതിനെതിരെയും എബി ജെ. ജോസ് നടത്തിയ പോരാട്ടങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു. ചെറുതും വലുതുമായി എബി നടത്തിയ പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും വിവരങ്ങൾ പുസ്തകത്തിലുണ്ട്. ദേശീയപതാകയുടെ ദുരുപയോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 1999-ൽ ഹൈക്കോടതിയിൽ ഒറ്റയ്ക്ക് ഹാജരായ കേസിന്റെ വിധിയും പുസ്തകത്തന്റെ ഭാഗമാണ്.

എബിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബിബിസിയും ഗൾഫ് ടൈംസും അടക്കമുള്ള വിദേശ-ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും നിരവധി ചിത്രങ്ങളും പുസ്തകത്തിനു മാറ്റുകൂട്ടുന്നു. ദേശീയപതാക, ദേശീയഗാനം എന്നിവ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന വിവരങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

വ്യത്യസ്തവും മാതൃകാപരവുമായ എബിയുടെ പ്രവർത്തനങ്ങൾ ആളുകൾക്ക് പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പുറത്തിറക്കിയതെന്ന് പുസ്തകം തയ്യാറാക്കിയ ആർ. അജിരാജകുമാർ പറഞ്ഞു. പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ പ്രകാശനം ചെയ്തു. കേന്ദ്രകൃഷിമന്ത്രി സുദർശൻ ഭഗത്, കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് പുസ്തകം സമ്മാനിച്ചു.

TAGS: Eby J Jose |