വ്യാപാറിൽ 400 കോടി രൂപയുടെ വാണിജ്യ അന്വേഷണങ്ങൾ

Posted on: February 11, 2017

കൊച്ചി : സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റായ വ്യാപാർ-2017 ൽ 400 കോടിയിൽപരം രൂപയുടെ വാണിജ്യ അന്വേഷണങ്ങൾ നടന്നു. സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ അന്താരാഷ്ട്ര രംഗത്ത് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് വ്യാപാർ സംഘടിപ്പിക്കുന്നത്.

കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വ്യാപാറിൽ 7400 ൽ പരം വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി നിശ്ചയിച്ചവയായിരുന്നു കൂടിക്കാഴ്ചകൾ. വിദേശ രാജ്യങ്ങളിൽ നിന്നും 80 പ്രതിനിധികൾ മേളയിൽ പങ്കെടുത്തു. ഇതിനു പുറമെ ജപ്പാനിലെ സാനിൻ പ്രവിശ്യയിൽ നിന്ന് 39 അംഗങ്ങളുള്ള പ്രത്യേക പ്രതിനിധി സംഘവും വ്യപാറിൽ പങ്കെടുത്തു. 683 ബയർമാർ രജിസ്റ്റർ ചെയ്തിൽ 437 പേരാണ് പങ്കെടുത്തത്. വിവിധ ചെറുകിട-സൂക്ഷ്മ സംരംഭകരിൽ നിന്നും 200 സ്റ്റാളുകളാണ് വ്യാപാറിൽ ഉണ്ടായിരുന്നത്. മൊത്തം 400 കോടിയിൽ പരം രൂപയുടെ വാണിജ്യ അന്വേഷണങ്ങളാണ് മേളയിൽ നടന്നത്.

കർശനമായ നിരീക്ഷണ സംവിധാനത്തിലൂടെയാണ് ബയർമാരെ വ്യവസായ-വാണിജ്യവകുപ്പ് തെരഞ്ഞെടുത്തതെന്ന് ഡയറക്ടർ പി. എം ഫ്രാൻസിസ് പറഞ്ഞു. ബയർമാരിൽ നിന്ന് സെക്യൂരിറ്റി തുക ഈടാക്കിയിട്ടുണ്ട്. വാണിജ്യ താത്പര്യം പരിഗണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ബയർമാർക്ക് പരിഗണന നൽകിയിട്ടുണ്ട്. ഇക്കുറി വിദേശത്തു നിന്നുള്ള പ്രാതിനിധ്യം കൂടിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

മുൻകാല വ്യാപാര മേളകളിൽ നിന്ന് ഏറെ പുരോഗതി 2017 ൽ ഉണ്ടായിട്ടുണ്ടെന്ന് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്) സിഇഒ വി രാജഗോപാൽ പറഞ്ഞു. തുടർച്ചയായ മൂന്നാം തവണ മേളയിൽ പങ്കെടുക്കാൻ ബയർമാരും സെല്ലർമാരും ഏറെ താത്പര്യം കാട്ടിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

TAGS: Vyapar 2017 |