ആയുർവേദത്തിന് വ്യാപാറിൽ അന്വേഷകരേറെ

Posted on: February 11, 2017

കൊച്ചി : കേരളത്തിന്റെ കേൾവി കേട്ട ആയുർവേദം വിദേശരാജ്യങ്ങളിൽ ഏറെ പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച വ്യാപാർ-2017. സൗന്ദര്യവർധക വസ്തുക്കൾ, പോഷക ഭക്ഷ്യോത്പന്നങ്ങൾ (ഫുഡ് സപ്ലിമെന്റ്‌സ്) എന്നിവയിലാണ്് ഏറ്റവുമധികം അന്വേഷണങ്ങൾ ആയുർവേദ മേഖലയിലുണ്ടായത്. മുൻകാലങ്ങളെ അപേക്ഷിച്ച് ആയുർവേദ വ്യവസായങ്ങളുടെ പങ്കാളിത്തം ഈ വർഷത്തെ ബിസിനസ് മീറ്റിൽ കൂടുതലായിരുന്നു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഔഷധങ്ങളേക്കാൾ കൂടുതൽ ഡിമാൻഡ് സൗന്ദര്യവർധക വസ്തുക്കൾക്കായിരുന്നു.

ശ്രീലങ്കയിൽനിന്ന് ഒരു പ്രതിനിധി സംഘം വ്യപാർ-2017 ൽ എത്തിയിരുന്നു. അവർ നടത്തിയ അന്വേഷണങ്ങളേറെയും ആയുർവേദ സൗന്ദര്യവർധക വസ്തുക്കളിലും സുഖചികിത്സ പോലുള്ള മൂല്യവർദ്ധിത ഉത്്പന്നങ്ങളിലുമായിരുന്നു. കേശ സംരക്ഷണത്തിനുള്ള ഉത്പന്നങ്ങളിലാണ് ശ്രീലങ്കയിൽനിന്നു വന്ന പ്രതിനിധികൾ പ്രത്യേക താത്പര്യം കാട്ടിയെന്ന് ഡോ. ജിത ഷാജി ചൂണ്ടിക്കാട്ടി.

കയറ്റുമതി താത്പര്യം മുൻനിറുത്തി അന്വേഷണങ്ങൾ നിരവധി എത്തിയിട്ടുണ്ടെന്ന് ആയുർവേദ സംരംഭകൻ അജികുമാർ ടി പറഞ്ഞു. ഈ അന്വേഷണങ്ങളിൽ കൃത്യമായ തുടർനടപടികൾ എടുക്കേണ്ടതുണ്ട്. സോപ്പ്, പോഷക ഭക്ഷ്യോല്പന്നങ്ങൾ, ഊർജദായക പാനീയങ്ങൾ എന്നിവയ്ക്കും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന അംഗീകൃതമായ മരുന്നുകൾ എന്നിവയ്ക്കും അന്വേഷണങ്ങൾ ഏറെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നൂറിൽപരം സുഗന്ധത്തിൽ സോപ്പുകളുണ്ടാക്കുന്ന സംരംഭങ്ങളും വ്യാപാർ-2017 ൽ പങ്കെടുക്കുന്നുണ്ട്. സോപ്പിന്റെ 25 ശതമാനം സുഗന്ധചേരുവകൾ ചേർത്താണ് നിർമ്മിക്കുന്നതെന്നതിനാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ നിരവധിയുണ്ടായിരുന്നുവെന്ന് സംരംഭകനായ അറുമുഖൻ പതിച്ചിറ പറഞ്ഞു.

പേറ്റന്റ് ഉള്ള മരുന്നുകൾക്കെല്ലാം മികച്ച അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് പ്രമുഖ ആയുർവേദ സംരംഭത്തിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പി.എസ് മധു ചൂണ്ടിക്കാട്ടി. പോഷക ഭക്ഷണം എന്ന പേരിലാണ് പല മരുന്നും വിദേശത്തേക്ക് അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര പേറ്റന്റുള്ള മരുന്നുകൾക്ക് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടെന്നും മധു ചൂണ്ടിക്കാട്ടി.

വിദേശരാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ മാത്രമല്ല ആയുർവേദത്തിലുള്ളത്. ഉത്തരേന്ത്യയിൽനിന്ന് നിരവധി അന്വേഷണങ്ങളാണ് സംരംഭകർക്ക് ലഭിക്കുന്നത്. ടൂറിസം വ്യവസായത്തിൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾക്കാണ് ഡിമാന്റ് കൂടുതലെന്നും സംരംഭകർ വ്യക്തമാക്കി.

TAGS: Vyapar 2017 |