ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളുടെ സാങ്കേതിക മികവ് വിളിച്ചോതി വ്യാപാർ-2017

Posted on: February 7, 2017

കൊച്ചി : പരമ്പരാഗത മേഖലകളിൽ മാത്രമെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്ക് സാധ്യതയുള്ളു എന്ന മുൻധാരണ തിരുത്തിക്കുറിക്കുകയാണ് സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയിൽ സമാപിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റായ വ്യാപാർ-2017. ആളില്ലാ വിമാനം, യന്ത്രമനുഷ്യൻ, നാരങ്ങാപിഴിയൽ യന്ത്രം തുടങ്ങി സാങ്കേതികത്തികവും നൂതനത്വവും വെളിവാക്കുന്ന നിരവധി പ്രദർശന ഇനങ്ങളാണ് ഇവിടെയുള്ളത്. വൈവിദ്ധ്യമുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന 200 സ്റ്റാളുകളാണ് വ്യാപാറിലുണ്ടായിരുന്നത്.

സന്ദർശകരിൽ കൗതുകമുണ്ടാക്കുന്ന നാരങ്ങാപിഴിയൽ യന്ത്രത്തിന് നിരവധി അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. കൺമുന്നിൽ വച്ചുതന്നെ നാരങ്ങ പിഴിഞ്ഞ് അഞ്ച് വ്യത്യസ്ത രുചികളിൽ ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് യന്ത്രം. സെൻഡുകൾക്കുള്ളിൽ നാരങ്ങാവെള്ളം ലഭിക്കുന്ന ഈ യന്ത്രം ഇതിനകം തന്നെ കൊച്ചി നഗരത്തിലെ മാളുകളിലും സ്‌റ്റേഡിയത്തിലും സ്ഥാപിച്ചു കഴിഞ്ഞു.

പ്രതിരോധരംഗത്തെ സ്വദേശിവത്കരണത്തിൽ നിർണായക പങ്കു വഹിക്കാവുന്ന ഉത്പന്നമാണ് എസ്തർ ഏവിയോണിക്‌സ് ഒരുക്കിയിട്ടുള്ളത്. ആളില്ലാവിമാനമാണ് ഇവരുടെ ഉത്പന്നം. നിലവിൽ ഇന്ത്യയിലെ പ്രതിരോധരംഗം വിദേശ ഉത്പന്നങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നതെന്ന് കമ്പനിയുടെ ഗവേഷക വിഭാഗം തലവൻ ബെന്യാമിൻ ജോർജ് പറയുന്നു. എന്നാൽ വിദേശ ഉത്പന്നങ്ങളേക്കാൾ ഗുണമേന്മയേറിയതും ചെലവ് കുറഞ്ഞതുമായ ഉപകരണങ്ങളാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആളില്ലാ വിമാനത്തിന്റെ മാതൃക ഇതിനകം തന്നെ ഡിആർഡിഒ, ബിഎസ്എഫ് എന്നിവയ്ക്ക സമർപ്പിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങളും ഇവർ ഒരുക്കാറുണ്ട്. മികച്ച സാങ്കേതികത്തികവുള്ള ഗുണനിലവാരമുള്ള പ്രതിരോധ ഉപകരണങ്ങൾ നമ്മുടെ സേനാവിഭാവങ്ങൾക്ക് നൽകുന്ന തരത്തിൽ സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ വളർത്തിയെടുക്കാൻ വാണിജ്യ-വ്യവസായ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഡയറക്ടർ പിഎം ഫ്രാൻസിസ് പറഞ്ഞു.

മൊബൈൽ ഫോണുകളുടെ ടച്ച് സ്‌ക്രീൻ നിലവാരം ഉറപ്പുവരുത്താൻ ശസ്ത്ര റോബോട്ടിക്‌സ് തയാറാക്കിയ റോബോട്ട് കാണികളിൽ കൗതുകമുണർത്തുന്നുണ്ട്. ടച്ച് സ്‌ക്രീനുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കുവാൻ തങ്ങളുടെ സാങ്കേതികത്തികവിന് സാധിക്കുമെന്ന് ഡിസൈൻ എൻജിനീയർ ജി.അർജുൻ അവകാശപ്പെട്ടു. പാലക്കാട് ഗവ. എൻജീനിയറിംഗ് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ മൂന്ന് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് ആണ് ഇതിന് രൂപം നൽകിയത്. ബഹുരാഷ്ട്ര കമ്പനിയായ ബോഷ് ശസ്ത്രയുടെ ഉപഭോക്താവാണ്. ഇതു കൂടാതെ നാണയം ഇടുമ്പോൾ കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടിഎം, ശരീരത്തിലെമുറിവും, ഭക്ഷ്യമാംസവും മറ്റും ശുചിയാക്കുന്ന ഓസോണൈസർ എന്നിവയും സന്ദർശകരിൽ താത്പര്യമുണർത്തി.

TAGS: Vyapar 2017 |