ഇ ഹെൽത്ത് : ആരോഗ്യ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും

Posted on: January 28, 2017

കൊച്ചി : ലോക ബാങ്കിന്റെ സഹായത്തോടെ കേന്ദ്ര സർക്കാരിന്റെ ഐടി വകുപ്പുവഴി നടപ്പാക്കുന്ന ഇ ഹെൽത്ത് പദ്ധതി കേരളത്തിലെ പൊതു ജനാരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ബോൾഗാട്ടി പാലസ് കൺവെൺഷൻ സെന്ററിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ സുർണ്ണ ജൂബിലി സമ്മേളനതതിൽ, മെഡിക്കൽ തുടർ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

കേരള ഗവൺമെന്റ് നടപ്പാക്കുന്ന ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോർഡ് പദ്ധതി പ്രകാരം എല്ലാ രോഗികളുടെയും മെഡിക്കൽ വിവരങ്ങൾ സുതാര്യമായും, സിസ്റ്റമാറ്റിക്കായും ഓൺലൈനിൽ ലഭ്യമാകും. ഡോക്ടർമാർക്ക് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗീപരിചരണം ഏറ്റവും ഫലപ്രദമായി നടത്തുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് ഡോ.വി മധു പതാക ഉയർത്തി. സമാപന ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചിന് സുവർണ്ണ ജൂബിലി പൊതുസമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സ്‌റ്റേറ്റ് ലെവൽ ഇമ്മ്യൂണൈസേഷൻ ക്വിസ് ഐക്യൂ 2017 ന്റെ മെഗാ ഫൈനലിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രേണുരാജ് നിർവഹിക്കും.

ജില്ലാതലത്തിൽ നടന്ന ഐക്യൂ2017ന്റെ വിജയികളാണ് മെഗാ ഫൈനലിൽ പങ്കെടുക്കുന്നത്. വിജയികൾക്ക്, ബിപിസിഎൽന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ വിതരണം ചെയ്യും. ഇതോടൊപ്പം കെജിഎംഒഎയുടെ മുൻ കാല നേതാക്കളെയും ആദരിക്കും. പ്രഫ. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണം നടത്തും. എസ്. ശർമ എംഎൽഎ സ്മരണിക പ്രകാശനം ചെയ്യും. മികച്ച ഡോക്ടർ, സാമൂഹിക പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങൾ ആരോഗ്യ മന്ത്രി വിതരണം ചെയ്യും.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ രമേശ്, ഐ.എം.എ, കെ.ജി.എം.സി.ടി.എ, കെ.ജി.ഐ.എം.ഒ.എ, സംസ്ഥാന അധ്യക്ഷൻമാർ ആശംസകൾ അർപ്പിക്കും. തുടർന്ന് കുടുംബ സംഗമം കലാപരിപാടികളോടുകൂടി സുവർണ്ണ സംഗമം 2017 സമാപിക്കും.

TAGS: KGMOA |