സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയുമായി സമരിറ്റൻഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്

Posted on: January 26, 2017

കൊച്ചി : കേരളത്തിലെ ആദ്യകാല ഹൃദ്‌രോഗ ചികിൽസാകേന്ദ്രമായ ആലുവയിലെ സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ള 100 രോഗികൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നു. സ്‌നേഹസ്പന്ദനം സേവ് എ ഹാർട്ട്‌സേവ് എ ലൈഫ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 28 ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.

കേരളത്തിൽ ആദ്യമായി 1972 ൽ ഓപ്പൺ ഹാർട്ട്ശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് സമരിറ്റൻ. ആധുനിക കാത്ത്‌ലാബ് ഉൾപ്പെടെയുള്ള എല്ലാസൗകര്യങ്ങളും ഉപയോഗിച്ച് മികച്ച ഹൃദ്‌രോഗ വിദദ്ധരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങിയ വിദഗ്ദ്ധ സംഘമാണ് സമരിറ്റനിൽ ഹൃദയശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ആയിരത്തിലേറെ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ 2500 ൽപ്പരം ശസ്ത്രക്രിയ ഈ രംഗത്ത് സമരിറ്റനിൽ നടന്നിട്ടുണ്ട്. ആഗോളനിലവാരത്തിലുള്ള വിജയശതമാനം ഈ രംഗത്ത് നേടാൻ ആശുപത്രിക്കു സാധിച്ചുവെന്നു മാത്രമല്ല ഹൃദയശസ്ത്രക്രിയയിൽ 100 ശതമാനം വിജയമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഗുരുതരമായ ഹൃദ്‌രോഗാവസ്ഥയുമായി സമിരറ്റനിൽ പരിശോധനയ്‌ക്കെത്തുന്ന രോഗികൾ നിരവധിയാണ്. ആൻജിയോപ്ലാസ്റ്റിപോലും സാധ്യമല്ലാത്ത രീതിയിൽ ഗുരുതരവാസ്ഥയിലുള്ള അവരിലേറെപ്പേരും സാധാരണകുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഇത്തരക്കാരിൽ ബഹുഭൂരിപക്ഷവും ചികിൽസാച്ചെലവ് താങ്ങാനാകാത്തതിനാൽ ആവശ്യമായ തുടർചികിൽസക്കായി ഏതെങ്കിലും ആശുപത്രിയിലേക്ക് പിന്നീട് എത്തുന്നില്ലെന്നതാണ് വാസ്തവം. ഇതുമൂലം അവരിലേറെപ്പേരും ഹൃദയാഘാതത്തിനിരയാകുകയാണെന്നതാണ് ഏറ്റവും ദൗർഭാഗ്യകരം. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ബൈപ്പാസ് ശസ്ത്രക്രിയാ പദ്ധതിക്ക് സമരിറ്റൻ ആശുപത്രി തയാറാകുന്നത്.

ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾ ബന്ധപ്പെട്ട രേഖകളും ആൻജിയോഗ്രാമിന്റെ ഫലവുമായി ആശുപത്രി അധികൃതരെ സമീപിക്കുകയാണ് ചെയ്യേണ്ടത്. രോഗിയുടെ രോഗാവസ്ഥയും സാമ്പത്തികസ്ഥിതിയും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷമായിരിക്കും സൗജന്യശസ്ത്രക്രിയക്ക് ശുപാർശചെയ്യുക. കേരളത്തിലെവിടെ നിന്നും അർഹരായ രോഗികളെ പൊതുജനങ്ങൾക്കും നാമനിർദേശം ചെയ്യാവുന്നതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി തത്പരരായവരിൽ നിന്ന് സ്‌പോൺസറിംഗ് ആശുപത്രി ലഭ്യമാക്കും. ഒരു ശസ്ത്രക്രിയ്ക്ക് ആവശ്യമായ തുകയിൽ 1,20,000 രൂപയാണ് സ്‌പോൺസർമാരിൽ നിന്നു കണ്ടെത്തുക.

സമരിറ്റൻ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ്ക്ക് വിധേയരായിട്ടുള്ളവർക്ക് മികച്ച ഹൃദ്രോഗ വിദഗ്ദ്ധരും ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധരും നയിക്കുന്ന പ്രത്യേക ബോധവത്ക്കരണ ക്ലാസുകൾ നൽകും. ഹൃദയസംഗമം 2017 എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടി കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്യും. ജനുവരി 28 ന് രാവിലെ 9 മണി മുതൽ 2 മണിവരെ ആദ്യത്തെ 600 രോഗികൾക്കായി സൗജന്യ ഹൃദ്‌രോഗക്യാമ്പ് നടത്തപ്പെടും. ഇന്നസെന്റ് എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കൂടാതെ ഹൃദ്‌രോഗത്തെപ്പറ്റിയും പ്രതിരോധമാർഗങ്ങളെപ്പറ്റിയും ആളുകളെ ബോധവത്ക്കരിക്കുന്നതിനായി സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 28 ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കാർഡിയാക് എക്‌സിബിഷൻ നടത്തും. ഹൃദ്‌രോഗത്തെപ്പറ്റിയുള്ള അറിവു പങ്കുവയ്ക്കലും ചികിത്സാരീതികളെപ്പറ്റിയുള്ള മാതൃകകളുടെ പ്രദർശനവുമാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ചലച്ചിത്ര താരം സലിംകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും.