മാർ ഗ്രിഗോറിയോസ് അവാർഡ് എം. എ . യൂസഫലിക്ക് സമ്മാനിച്ചു

Posted on: January 2, 2017

തിരുവനന്തപുരം : സർവ മനുഷ്യർക്കും ഹൃദയത്തിൽ ഇടം നൽകുവാൻ എല്ലാവർക്കും കഴിയണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ പറഞ്ഞു. മാർ ഈവാനിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ഏർപ്പെടുത്തിയ ആർച്ചു ബിഷപ്പ് മാർ ഗ്രിഗോറിയോസ് അവാർഡ് പ്രമുഖ വ്യവസായി എം. എ. യൂസഫലിക്ക് സമ്മാനിച്ചു  സംസാരിക്കുകയായിരുന്നു അദേഹം. തന്റെ വ്യവസായ സംരംഭങ്ങൾ വൻകരകൾക്കപ്പുറത്തേക്ക് വ്യാപിക്കുമ്പോഴും അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലേക്കു കുതിക്കുമ്പോൾ, യൂസഫലി എന്ന മനുഷ്യസ്‌നേഹി പാവപ്പെട്ടവരുടെ ഹൃദയങ്ങളിലേക്കും വളർന്നു കയറിയെന്ന് കർദിനാൾ പറഞ്ഞു.

മനുഷ്യൻ നേടുന്ന സമ്പത്ത് വിതരണം ചെയ്യപ്പെടുമ്പോഴാണ് യഥാർത്ഥ നീതി നടപ്പിലാക്കുന്നതെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് എം.എ. യൂസഫലി പറഞ്ഞു. ചെറുപ്പകാലത്ത്, തന്നെ വളരെ സ്വാധീനിച്ച ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ പേരിലുള്ള അവാർഡ് സ്വീകരിക്കുവാൻ സന്തോഷമുണ്ടെന്നും എം. എ. യൂസഫലി പറഞ്ഞു.

കാതോലിക്കാബാവാ അവാർഡ് നൽകി. പ്രശസ്തിപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനും കാഷ് അവാർഡ് മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജിജി തോമസും സമ്മാനിച്ചു.

 

സ്‌നേഹപൂർവ്വം ഒരു വീട് പദ്ധതിയിൽ 100 വീടുകൾക്ക് ഒരു കോടി
മാർ ഈവാനിയോസ് കോളേജ് ഗവേഷണ കേന്ദ്രത്തിന് ഒരു കോടി

 

അവാർഡ് ഏറ്റുവാങ്ങിയ എം. എ. യൂസഫലി തന്റെ കരുണയുടെ കരങ്ങൾ കർദിനാൾ മാർ ക്ലീമീസ് ബാവായുടെ നേതൃത്വത്തിൽ നടക്കുന്ന സ്‌നേഹപൂർവ്വം ഒരു വീട് എന്ന പദ്ധതിലേക്കും നീട്ടി. നൂറു വീടുകൾ നിർമ്മിക്കുന്നതിനായി ഒരു കോടി രൂപയുടെ സഹായം അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനോടകം ഈ പദ്ധതിയിൽ 1200 വീടുകളാണ് പൂർത്തിയായത്. 2000 വീടുകൾ നിർമ്മിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിയാണ് സ്‌നേഹപൂർവ്വം ഒരു വീട്.

മാർ ഈവാനിയോസ് കോളേജിലെ മുൻ പ്രിൻസിപ്പൽ പരേതനായ റവ. ഡോ. ഗീവർഗീസ് പണിക്കരുടെ സ്മരണ നിലനിർത്താൻ ആരംഭിച്ച ഗവേഷണകേന്ദ്രത്തിന് ഒരു കോടി രൂപയും യൂസഫലി നൽകുമെന്ന് അറിയിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രത്യേക സ്‌നേഹോപഹാരം കാതോലിക്ക ബാവാ യൂസഫലിക്ക് സമ്മാനിച്ചു. നേരത്തെ യൂസഫലി പണികഴിപ്പിച്ചു നൽകിയ മാർ ഗ്രിഗോറിയോസ് സ്‌നേഹവീടിന്റെ പുതിയ ബ്ലോക്ക് യൂസഫലി ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, അമിക്കോസ് ഭാരവാഹികളായ ചലച്ചിത്രനടൻ ജഗദീഷ്, ഇ.എം. നജീബ്, ഫാ. ബോവസ് മാത്യു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റോം, ജോഷ്വാ മാർ ഇഗ്നാത്തിയോസ് , ജോസഫ് മാർ തോമസ്, ജേക്കബ്ബ് മാർ ബർണാബാസ്, തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്‌തേഫാനോസ്, വികാരി ജനറൽമാരായ മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. ജോൺ കൊച്ചുതുണ്ടിൽ, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജിജി തോമസ്, ഡോ. സുജുമോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.