അമൃതയിൽ അന്താരാഷ്ട്ര റോബോട്ടിക്‌സ് കോൺഫറൻസ്

Posted on: December 20, 2016

കോയമ്പത്തൂർ : മനുഷ്യരുടെ സാമൂഹ്യ ജീവിത ക്രമത്തിൽ യന്ത്രമനുഷ്യരെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസ് റാഹാ -2016 ന് അമൃതസർവകലാശാലയിൽ തുടക്കമായി. അമൃത വിശ്വ വിദ്യാപീഠം സംഘടിപ്പിച്ച ത്രിദിന കോൺഫറൻസ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറി സുരേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആയഎം ശിവശങ്കർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. അനുദിനം യന്ത്രവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് മാനുഷിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.

അമൃത സർവകലാശാല വൈസ് ചാൻസ്‌ലർ പി വെങ്കിട്ട രംഗൻ ആശംസ പ്രസംഗം നടത്തി. അമ്മച്ചി ലാബ് ഡയറക്ടർ വാനി ആർ റാവു സ്വാഗതം പറഞ്ഞു. അമേരിക്കയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറും ഡീനുമായ റൊണാൾഡ് ഉൾപ്പടെ 12 രാജ്യങ്ങളിലെശാസ്ത്രജ്ഞരും ഐ ടി വിദഗ്ധരും ഗവേഷകരും ചടങ്ങിൽ പങ്കെടുത്തു.

മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതചര്യയുടെ ഭാഗമായതു പോലെ റോബോട്ടിക്‌സ്, അതിയന്ത്രവത്ക്കരണം (ഓട്ടോമേഷൻ), ബൗദ്ധികമായ കംപ്യൂട്ടിംഗ്(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നിവയാണ് സാങ്കേതിക വിദ്യയുടെ അടുത്ത മുന്നേറ്റമെന്നും സമേമളനത്തിൽ പങ്കെടുത്ത സാങ്കേതിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര പ്രസംഗകരുടെ അഞ്ചു പ്ലീനറിയും പതിമൂന്നോളം മുഖ്യ പ്രഭാഷണങ്ങളും കൂടാതെ വ്യത്യസ്ത ശില്പശാലകളും, ടൂറ്റോറിയലുകളും, പോസ്റ്റർ സെക്ഷനുകളുംവിദ്യാർഥികളുടെ മത്സരങ്ങളും കൊണ്ട് റാഹാ-2016 ശ്രദ്ധേയമായി. റാഹ-2016 ൽഇന്ത്യയിലാകമാനമുള്ള 22 സർവകലാശാലകളിലെ 270 വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്.