മത്സരപരീക്ഷകൾക്ക് ആധുനിക പരിശീലനവുമായി രാജൻസിങ്

Posted on: December 10, 2016

rajan-singh-big

തിരുവനന്തപുരം : മുൻ ഐപിഎസ് ഓഫീസർ രാജൻ സിങ് ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസത്തിലും പരിശീലനത്തിനുമായി കേരളത്തിൽ പുത്തൻ സംരംഭത്തിന് തുടക്കമിടുന്നു. അമേരിക്കയിൽ പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ലോക പ്രശസ്തമായ വാർട്ടൺ സ്‌കൂളിൽനിന്ന് എംബിഎ പാസായശേഷം ബഹുരാഷ്ട്ര കമ്പനിയായ മെക്കൻസിയിൽ ജോലിയിൽ പ്രവേശിച്ച രാജൻ സിങ് അതെല്ലാമുപേക്ഷിച്ച ശേഷമാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

ഓരോ വിദ്യാർത്ഥിയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിശീലനം നൽകി അഖിലേന്ത്യാ മത്സരപരീക്ഷകൾക്കായി അവരെ പ്രാപ്തരാക്കുക എന്നതാണ് രാജൻ സിങിന്റെ ലക്ഷ്യം. ഇതിനുവേണ്ടി തുടങ്ങുന്ന സ്റ്റാർട്ടപ്പിന് ഇതിനോടകം നിരവധി കേന്ദ്രങ്ങളിൽനിന്ന് പിന്തുണ ലഭിച്ചുകഴിഞ്ഞു.

കാൺപൂർ ഐഐടിയിൽനിന്ന് ബിടെക് നേടിയ ശേഷമാണ് ഉത്തർപ്രദേശ് സ്വദേശിയായ രാജൻസിങ് 1997 ബാച്ചിൽ ഐപിഎസ് നേടി കേരള കേഡറിലെത്തിയത്. വെറും ആറുമാസത്തെ ഫീൽഡ് പരിചയത്തോടെ രാജൻസിങ് തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ കമ്മീഷണറായി നിയോഗിക്കപ്പെട്ടു. മൂന്നു വർഷത്തിലേറെ ആ തസ്തികയിൽ തുടർന്നശേഷം 2005 ലാണ് ഐപിഎസ് ഉപേക്ഷിച്ച് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്.

വാർട്ടണിലെ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള പാമർ സ്‌കോളർഷിപ്പുനേടിയാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ലോകത്തിലെ പ്രമുഖ ബാങ്കുകളുടെയും ഫാർമസി കമ്പനികളുടെയും ബയോടെക് കമ്പനികളുടെയും കൺസൾട്ടന്റാവുകയും ചെയ്തു. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളിൽ പ്രവർത്തിച്ച രാജൻസിങ് നിരവധി സംരംഭകരുമായി ഇടപഴകുകയും തുടർന്ന് നാട്ടിൽ സംരംഭകനാകാൻ തീരുമാനിക്കുകയുമായിരുന്നു. നന്നായി അധ്വാനിച്ചാൽ മികച്ച ഫലം കേരളത്തിൽ ഉറപ്പാക്കാമെന്ന് രാജൻസിങ് പറയുന്നു. തിരുവനന്തപുരത്തെ അധികം വൈകാതെതന്നെ ആഗോള സ്റ്റാർട്ടപ് ഭൂപടത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യവും തനിക്കുണ്ട്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തതുകൊണ്ടാണ് ഇവിടം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ, അധ്യാപന മേഖലയിൽ മികച്ച പരിശീലനം നൽകുന്നതിനുള്ള പുതിയ സംരംഭത്തിനാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. അഖിലേന്ത്യാ മത്സരപരീക്ഷകളിലേയ്ക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതിക്ക് ഉടൻ തുടക്കമിടും. ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിനായി സഹകരിക്കുന്നുണ്ട്. തലസ്ഥാനത്തെ ചില സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിലെ പ്രവർത്തനം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്‌സിലും സയൻസിലുമായിരിക്കും പരിശീലനം നൽകുന്നത്. ക്രമേണ ശാസ്ത്ര വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഇതിനെ ഇന്ത്യയിലെ മികച്ച കമ്പനിയാക്കുകയാണ് ലക്ഷ്യം.

രാജൻസിങിന്റെ ഭാര്യ ടിങ്കു ബിസ്വാൾ ഐഎഎസ് സംസ്ഥാന ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്.