ആസ്റ്റർ മെഡ്‌സിറ്റിയും തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയുമായി ധാരണ

Posted on: November 23, 2016

aster-medcity-tju-mou-big

കൊച്ചി : ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ദ്ധ്യവും ഇന്ത്യയിലെ ഡോക്ടർമാർക്ക് ലഭ്യമാക്കുന്നതിനായി ആസ്റ്റർ മെഡ്‌സിറ്റിയും തോമസ് ജേഫേഴ്‌സൺ യൂണിവേഴ്‌സിറ്റി (ടിജെയു) യും സുപ്രധാന കരാറിൽ ഒപ്പുവച്ചു. 1824 മുതൽ ശ്രേഷ്ഠമായ പാരമ്പര്യമുള്ളതും ഫിലാഡൽഫിയയിലെ ഏറ്റവും വലുതും സ്വതന്ത്രവുമായ ഹെൽത്ത് സയൻസസ് യൂണിവേഴ്‌സിറ്റിയാണ് തോമസ് ജെഫേഴ്‌സൺ. ആസ്റ്റർ മെഡ്‌സിറ്റിയും തോമസ് ജേഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ഈ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് പരിപാടിയിലൂടെയാണ്.

കഴിഞ്ഞ നവംബറിൽ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതുമുതൽ ആസ്റ്റർ മെഡ്‌സിറ്റിയുടെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് പരിപാടി കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇനി തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ആവേശകരമായ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഈ പുതിയ കൂട്ടുകെട്ടിലൂടെ ആഗോളതലത്തിലെ അവയവമാറ്റ ശസ്ത്രക്രിയാ മേഖലയിലെ ഏറ്റവും മികച്ച പരിപാലന രീതികൾ ആസ്റ്റർ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പദ്ധതികൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റോബോട്ടിന്റെ സഹായത്തോടെ കരളിന്റെ ഒരു ഭാഗം മുറിച്ചുനീക്കുന്നതിനും രക്തമൊഴുക്കാതെ കരൾ മുറിക്കുന്നതിനുള്ള സാങ്കേതിവിദ്യകൾ സിഡ്‌നി കിമ്മൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം നിക്കോലെറ്റി ഫാമിലി പ്രഫസറും ജെഫേഴ്്‌സൺ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. കറ്റാൽഡോ ഡോറിയ രൂപപ്പെടുത്തിയിട്ടുണ്ട്. ആസ്റ്ററിന്റെ ട്രാൻസ്പ്ലാന്റ് സർജന്മാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടൈന്ന് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഡോ. ഡോറിയ പറഞ്ഞു.

ഇരുകൂട്ടരും സംയുക്തമായി മാതൃകകളിലൂടെ പഠനം നടത്തുന്നതിനും രണ്ട് രാജ്യങ്ങളിലേയും രോഗികൾക്ക് ഗുണം ലഭിക്കുന്നതിനും ധാരണപത്രം സഹായിക്കുമെന്ന് ആസ്റ്റർ മെഡ്‌സിയുടെ സിഇഒയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കേരളത്തിലെ ക്ലസ്റ്റർ ഹെഡുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

തോംസൺ ജഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ ഇവിപിയും ചീഫ് ഓഫ് സ്റ്റാഫുമായ ജോൺ ഇക്കാരിയസ്, യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ജാനിസ് മരീനി, സിഡ്‌നി കിമ്മൽ മെഡിക്കൽ കോളജിലെ പ്രഫസറും ജഫേഴ്‌സൺ ട്രാൻസ്പ്ലാന്റ് ഇൻസ്്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും ട്രാൻസ്പ്ലാന്റേഷൻ ഡിവിഷന്റെ ഡയറക്ടറുമായ ഡോ. കറ്റാൽഡോ ഡോറിയ, ഗ്ലോബൽ ഹെൽത്ത് റിസർച്ച് ഡയറക്ടർ ഡോ. റിച്ചാർഡ് ജെ. ഡെർമ്മൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.