അമൃത ആശുപത്രിയിൽ ഭാരതത്തിലെ ആദ്യ മഹാരക്തധമനി രോഗചികിത്സാ കേന്ദ്രം

Posted on: November 13, 2016

amrita-hospital-aortic-clin

കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ മഹാരക്തധമനി രോഗ ചികിത്സാ കേന്ദ്രം, മർഫാൻ ക്ലിനിക്ക് എന്നിവ അമൃത ആശുപത്രിയിൽ തുടങ്ങി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആരംഭിച്ച രാജ്യത്തെ ആദ്യ അയോട്ടിക്ക് ഡിസീസ് സെന്ററിന്റെ ഉദ്ഘാടനം ഒ. രാജഗോപാൽ എംഎൽഎ നിർവഹിച്ചു,

ജർമനിയിലെ സാർലാന്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ തൊറാസിക് ആൻഡ് കാർഡിയോവാസ്‌കുലർ സർജറി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഹാൻസ് ജോ ആക്ച്ചിംഗ് ഷാഫേഴ്‌സ്, അമൃത ഹോസ്പിറ്റലിലെ കാർഡിയോളജി പ്രഫസർ ഡോ. വിജയകുമാർ സിവിടിഎസ് വിഭാഗം മേധാവി ഡോ. പ്രവീൺ വർമ്മ, പീഡിയാട്രിക് കാർഡിയോളജി വിഭാഗം ക്ലിനിക്കൽ പ്രഫസർ ഡോ. മഹേഷ് കെ. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മഹാരക്തധമനി രോഗങ്ങൾ ധാരാളം രോഗികളുടെ മരണത്തിനും, വിവിധ തരം ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. വയോധികന്മാരുടെ എണ്ണം വർധിക്കുന്ന ഭാരതത്തിൽ ഈ രോഗസാധ്യത വർഷം തോറും കൂടുകയാണ്. മഹാരക്തധമനി ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും രക്തം പ്രദാനം ചെയ്യുന്ന രക്തവാഹിയാണ്. ഈ രോഗങ്ങൾ വളരെ സങ്കീർണവും ജീവനു തന്നെ ഭീഷണിയായി തീരുന്നവയുമാണ്. ഈ രോഗത്തിന്റെ സമഗ്രമായ ചികിത്സയ്ക്ക് കാർഡിയാക് സർജൻ, കാർഡിയോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, അനസ്‌തേഷ്യോളജിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ്, ജനറ്റിക് സ്‌പെഷ്യലിസ്റ്റ്, പതോളജിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരുടേയും സേവനം ലഭ്യമാണ്. കൂടാതെ രക്തബാങ്ക്, കാത്ത് ലാബ്, ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി പ്രത്യേക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷൻ തീയറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.