മാലിന്യത്തിൽ നിന്നും വൈദ്യുതിയുമായി സൂപ്പർടെക് എൻജിനീയേഴ്‌സ്

Posted on: November 3, 2016

supertech-engineers-plant-b

കൊച്ചി : ഇപിസി കമ്പനിയായ സൂപ്പർടെക് എൻജിനീയേഴ്‌സിന്റെ സാങ്കേതിക വിദ്യയിൽ ന്യൂഡൽഹിയിൽ 20 മെഗാ വാട്ടിന്റെ ജൈവമാലിന്യ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. മലയാളി സംരംഭകനായ ജി. രവീന്ദ്രൻ പിള്ളയാണ് സൂപ്പർടെക് എൻജിനീയേഴ്‌സിന്റെ ഉടമ.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ജൈവമാലിന്യം ശേഖരിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ദിവസേന ശേഖരിക്കുന്ന മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക്, ലോഹങ്ങൾ തുടങ്ങിയവ വേർതിരിച്ച ശേഷം അവശേഷിക്കുന്ന ജൈവമാലിന്യം വലിയ ബോയിലറിലിട്ട് നീരാവിയാക്കി അതിൽ നിന്നും ടർബൈൻ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

മാലിന്യസംസ്‌കരണം വലിയ സാമൂഹിക പ്രശ്‌നമായിരിക്കുന്ന കേരളത്തിൽ സർക്കാരോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ മുന്നോട്ടുവരികയാണെങ്കിൽ കേരളത്തിൽ എവിടെ വേണമെങ്കിലും പ്ലാന്റ് സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് സൂപ്പർടെക് എൻജിനീയേഴ്‌സ് ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ജി.രവീന്ദ്രൻ പിള്ള പറഞ്ഞു. സന്നദ്ധസംഘടനകൾക്കോ, കോർപറേറ്റുകൾക്കോ ബി.ഒ.ടി അടിസ്ഥാനത്തിലും പ്ലാന്റ് പ്രവർത്തിപ്പിക്കാവുന്നതാണ്. 120 കോടി രൂപയ്ക്ക് 20 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിക്കാൻ സാധിക്കും. ഒരേ സമയം കേരളം മാലിന്യത്തിൽനിന്നും മുക്തമാകുന്നതോടൊപ്പം വൈദ്യുതി മിച്ച സംസ്ഥാനമാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പ്രൊജക്ട് കൺസൾട്ടൻസി സർവീസുകൾ രാജ്യത്തിനകത്തും പുറത്തും നടത്തിയിട്ടുള്ള കമ്പനിയാണ് സൂപ്പർടെക് എൻജിനീയേഴ്‌സ്. ഡൽഹി മെട്രോയുടെയും, ചെന്നൈ മെട്രോയുടെയും ഭൂഗർഭ സ്റ്റേഷനുകളുടെ എയർ കണ്ടീഷനിംഗ് വർക്കുകൾ (എച്ച്.വി.എ.സി) ഉൾപ്പെടെ രാജ്യത്തെയും വിദേശത്തെയും നിരവധി വൻകിട പ്രൊജക്ടുകൾ ചെയ്്തുവരുന്ന സൂപ്പർടെക് എൻജിനീയേഴ്‌സ് മാലിന്യമുക്ത കേരളം കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി ചെയ്യുവാനാണ് താത്പര്യമെന്നും ജി.രവീന്ദ്രൻ പിള്ള പറഞ്ഞു.