ആസ്റ്റർ മെഡ്‌സിറ്റിയിൽ ഒരേ ദിവസം നാല് സങ്കീർണ ഹൃദയശസ്ത്രക്രിയകൾ

Posted on: November 2, 2016

aster-medcity-hospital-big

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ കാർഡിയാക് സയൻസസിലെ കാർഡിയോ വാസ്‌കുലാർ തൊറാസിക് ശസ്ത്രക്രിയാ സംഘം ഒരേ ദിവസം നാല് സങ്കീർണ ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. എൺപത് വയസിന് മുകളിൽ പ്രായമുള്ള മൂന്ന് പേർ അടക്കം നാല് പേർക്കാണ് അയോട്ടിക് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകൾ നടത്തിയത്. ശസ്ത്രക്രിയകൾക്ക് ശേഷം ഉടൻതന്നെ ഇവരെ ഡിസ്ചാർജ് ചെയ്തു.

ഹൃദയത്തിൽനിന്ന് ശരീരത്തിലാകമാനം ശുദ്ധരക്തം എത്തിക്കുന്ന ഹൃദയരക്തധമനിയിലെ വീക്കത്തിനും വിളളലിനും പരിഹാരമായി അയോട്ടിക് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകളാണ് നടത്തിയത്. രക്തക്കുഴലുകളിലെ പേശികൾ അയയുന്നതുമൂലം രക്തക്കുഴലുകൾ അസാധാരണമായി വികസിക്കുന്നതാണ് ധമനിവീക്കം. രക്തക്കുഴലുകൾ വലിഞ്ഞ് വിള്ളലുകൾ ഉണ്ടാകുന്ന അവസ്ഥയും ജീവൻതന്നെ അപകടാവസ്ഥയിലാക്കിയേക്കാം. രക്തക്കുഴലുകളിലെ വീക്കത്തിനും രക്തധമനി മുറിഞ്ഞുപോകാതിരിക്കാനും അടിയന്തര ശസ്ത്രക്രിയയാണ് പരിഹാരം.

ധമനീ കമാന (aortic arch) ങ്ങളിലെ ശസ്ത്രക്രിയ വളരെ സങ്കീർണമാണെന്ന് ശസ്ത്രക്രിയകൾക്ക് നേതൃത്വം നല്കിയ ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ പറഞ്ഞു. നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയുടെ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് പ്രായമായവരിൽ, ഒഴിവാക്കുന്നതിനാണ് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകൾ നടത്തുന്നത്. ആസ്റ്റർ മെഡ്‌സിറ്റിപോലെ പ്രത്യേകം സജ്ജമായ ആശുപത്രികളിൽ ഇമേജിംഗ് സംവിധാനം ഉപയോഗിച്ച് രക്തക്കുഴലുകൾ വലുതാക്കിക്കൊണ്ടാണ് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകൾ നടത്തുന്നത്.

ഒരേ ദിവസം നടത്തിയ നാല് ശസ്ത്രക്രിയകളിലും കൂടുതൽ സുരക്ഷിതമായ ഹൈബ്രിഡ് ശസ്ത്രക്രിയാരീതികളാണ് ഉപയോഗിച്ചത്. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയുടെ രീതികളും വളരെ കുറച്ച് മുറിവുകൾ മാത്രമുണ്ടാക്കുന്ന എൻഡോവാസ്‌കുലാർ രീതികളും ഇതിനായി ഉപയോഗിച്ചു. അരയിൽ ചെറിയ മുറിവുണ്ടാക്കി നീളമുള്ള കത്തീറ്ററുകളുടെ സഹായത്തോടെ രക്തധമനിയിലേയ്ക്ക് സ്‌റ്റെൻഡ് ഗ്രാഫ്റ്റ് കടത്തി. കേടുവന്ന രക്തക്കുഴൽ ഭിത്തിയിലെ സമ്മർദ്ദം കുറയ്ക്കാനും വീക്കമുള്ള ഭാഗത്തെ രക്തമൊഴുക്ക് ശരിയാക്കാനും ഇതുവഴി സാധിച്ചുവെന്ന് ഡോ. മനോജ് പറഞ്ഞു.

ഈ മേഖലയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ളതാണ് ആസ്റ്റർ സെന്റർ ഓഫ് എക്‌സലൻസ് ഇൻ കാർഡിയാക് സയൻസസ് എന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങൾ പോലും പരിഹരിക്കുന്നതിന് കഴിയുന്ന രീതിയിൽ ദശകങ്ങളുടെ അനുഭവപരിചയമുള്ളവരാണ് കാർഡിയോ തൊറാസിക് സർജറി ടീം. നാല് അയോട്ടിക് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകൾ ഒരേ ദിവസം നടത്തുക എന്ന അപൂർവമായ നേട്ടം കൈവരിച്ചത് ഏറെ അഭിമാനകരമാണ്. ഡോ. മനോജ് പി. നായരും കാർഡിയാക് അനസ്‌തെറ്റിസ്റ്റ് ഡോ. സുരേഷ് ജി. നായരുമാണ് ഇതിനു നേതൃത്വം നല്കിയത്. പ്രത്യേക കോൺഫറൻസുകളിലും ശിൽപ്പശാലകളിലും പോലും പരമാവധി മൂന്ന് എൻഡോവാസ്‌കുലാർ ശസ്ത്രക്രിയകൾ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി.

TAGS: Aster Medcity |