കെ. പി. ഹോർമിസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് 18 ന് തുടക്കമാകും

Posted on: October 17, 2016

federal-bank-k-p-hormis-cen

കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ. പി. ഹോർമിസിന്റെ ജന്മശതവാർഷികാഘോഷങ്ങൾക്ക് ഒക്‌ടോബർ 18 ന് അദേഹത്തിന്റെ ജന്മനാടായ മൂക്കന്നൂരിൽ തുടക്കമാകും. മൂക്കന്നൂരിനെ സ്മാർട്ട് ടൗൺഷിപ്പാക്കി മാറ്റുന്ന പദ്ധതിയാണ് പ്രധാനപ്പെട്ടത്. ഫെഡറൽ ബാങ്ക് ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ഇടപാടുകാർ തുടങ്ങിയവരിൽ നിന്ന് കണ്ണുകളും അവയവങ്ങളും മരണാനന്തരം ദാനം ചെയ്യുന്നതിന് സമ്മതപത്രം നൽകുന്ന പദ്ധതിയും ഹോർമിസ് ജന്മശതാബ്ദിയോടനുബന്ധിച്ച് നടപ്പാക്കും.

എല്ലാവർഷവും ബാങ്കിന്റെ നേതൃത്വത്തിൽ ആഘോഷിക്കാറുള്ള സ്ഥാപകദിനത്തോടനുബന്ധിച്ച് ഇത്തവണ രാജ്യത്തുടനീളം നിരവധി സിഎസ്ആർ പദ്ധതികൾക്കാണ് ബാങ്ക് രൂപം നൽകിയിട്ടുള്ളത്. കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ. പി. ഹോർമിസ് 1917 ഒക്ടോബർ 18 ന് എറണാകുളം ജില്ലയിലെ മൂക്കന്നൂരിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദേഹം നിയമ ബിരുദം നേടി പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

അഭിഭാഷകവൃത്തിയിൽ സംതൃപ്തനാകാതിരുന്ന ഹോർമിസ്, 1945 ൽ തിരുവല്ലയ്ക്കടുത്ത് നെടുമ്പുറം ആസ്ഥാനമായിരുന്ന, പ്രവർത്തനരഹിതമായ തിരുവിതാംകൂർ ഫെഡറൽ ബാങ്കിന്റെ ഓഹരി 5000 രൂപയ്ക്ക് വാങ്ങി ചീഫ് എക്‌സിക്യൂട്ടീവ് പദവി ഏറ്റെടുത്തു. തുടർന്ന് ബാങ്കിന്റെ ആസ്ഥാനം ആലുവയിലേയ്ക്ക് മാറ്റി. 1947 ലാണ് ബാങ്ക് ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് എന്ന പേരു സ്വീകരിച്ചത്. ദീർഘവീക്ഷണത്തോടെ കെ. പി. ഹോർമിസ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നം കൊണ്ടും 1973 ആയപ്പോഴേക്കും കേരളത്തിന് പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിന് സാധിച്ചു.

അതേ വർഷം തന്നെ ഇന്ത്യ ഗവണ്മെന്റിൽ നിന്നു വിദേശ നാണ്യവ്യാപാരത്തിനുള്ള അനുമതിയും ഫെഡറൽ ബാങ്കിന് ലഭിച്ചു. ഒരു ശാഖ മാത്രമുണ്ടായിരുന്ന ബാങ്കിനെ ഏറ്റെടുത്ത് കെ. പി. ഹോർമിസ് 1979 ൽ ചെയർമാൻ സ്ഥാനത്തുനിന്നു വിരമിക്കുമ്പോൾ ഇന്ത്യയിലെമ്പാടുമായി 285 ശാഖകളുള്ള വലിയൊരു ബാങ്കിംഗ് സ്ഥാപനമാക്കി മാറ്റാൻ അദ്ദേഹത്തിനു സാധിച്ചു.

ഫെഡറൽ ബാങ്ക് സിഎസ്ആർ ഹെഡ് രാജു ഹോർമീസ്, എച്ച്ആർ ഹെഡ് തമ്പി കുര്യൻ, എറണാകുളം സോണൽ ഹെഡും ഡിജിഎമ്മുമായ എൻ. വി. സണ്ണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.