ഉത്പാദനത്തിലും വില്പനയിലും ഫാക്ടിന് മികച്ച നേട്ടം

Posted on: October 6, 2016

fact-pressmeet-06-oct-2016

കൊച്ചി : ഉത്പാദനത്തിലും വിൽപനയിലും കേന്ദ്ര സർക്കാർസ്ഥാപനമായ ഫാക്ടിന് വൻ മുന്നേറ്റം. പൂർണശേഷിയിലാണ് ഇപ്പോൾ പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയ്‌വീർ ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം, കാപ്രോലാക്ടത്തിന്റെ ഒന്നാം ഘട്ട സ്റ്റാർട്ടപ്പിന് ഹയാം, ആനോൺ തുടങ്ങിയ മധ്യമ ഉത്പന്നങ്ങളുപയോഗിച്ച് തുടക്കമിട്ടിട്ടുണ്ട്. കാപ്രോലാക്ടവുമായി ബന്ധപ്പെട്ട മറ്റ് പെട്രോ പ്ലാന്റുകളുടെ ഉത്പാദനം വൈകാതെ തുടങ്ങും.

2016 മാർച്ചിൽ കേന്ദ്രസർക്കാർ 1000 കോടി രൂപ വായ്പ അനുവദിച്ചതിലൂടെ, ഫാക്ടിന് പ്രവർത്തന മൂലധനത്തിന്റെ ഞെരുക്കം മറികടക്കാനും രാസവള ഉത്പാദനം പൂർണശേഷിയിൽ സാധ്യമാക്കാനും കഴിഞ്ഞതായി എംഡി പറഞ്ഞു.

2016-17 ലെ ആദ്യപകുതിയിലെ കമ്പനിയുടെ ഉത്പാദനം 2016-17 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഉത്പാദനത്തിലും വിൽപനയിലും മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്കു സാധിച്ചു. 2016-17 വർഷത്തിന്റെ ആദ്യപകുതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ രാസവളവകുപ്പിന്റെ ലക്ഷ്യം 3.30 ലക്ഷം ടൺ ഫാക്ടംഫോസ് ഉത്പാദനമായിരുന്നെങ്കിൽ, യഥാർത്ഥ ഉത്പാദനം 3.90 ലക്ഷം ടണ്ണിലെത്തി. അമോണിയം സൾഫേറ്റിന്റെ ഉത്പാദനം 0.985 ലക്ഷംടണ്ണിൽ എത്തിച്ചതിലൂടെ നേടിയത് ലക്ഷ്യത്തിന്റെ 111% ആണ്.

കൊച്ചിൻ ഡിവിഷനിൽ പ്രതിദിനം 1000 ടൺ ശേഷിയുള്ള മറ്റൊരു ഫാക്ടംഫോസ് ഉത്പാദന യൂണിറ്റു കൂടി സ്ഥാപിക്കാനുളള പദ്ധതി കമ്പനിയുടെ സജീവ പരിഗണനയിലുണ്ടെന്നും അദേഹം വ്യക്തമാക്കി.

TAGS: FACT |