മദ്യനയം പുതുക്കുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Posted on: September 28, 2016

ktm-2016-inaugration-big

കൊച്ചി : മദ്യനയം പുതുക്കുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നതേയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ട്രാവൽമാർട്ട് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹർത്താലുകൾ ടൂറിസം മേഖലയെ ബാധിക്കരുതെന്ന് സർക്കാരിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ സമവായമുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പദ്ധതികളുമായി ടൂറിസം വ്യവസായം മുന്നോട്ടു വന്നാൽ എല്ലാ സഹായവും പ്രോത്സാഹനവും സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പുതിയവിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുർവേദ മേഖലയിലെ വൈദഗ്ധ്യമുള്ളവരുടെ സേവനം ലഭ്യമാക്കാൻ പരിശീലന കേന്ദ്രങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. യോഗ്യതയില്ലാത്തവർ ആയുർവേദരംഗത്ത് പ്രവർത്തിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വം ഏറെ പ്രധാനമാണ്. സംസ്ഥാനം മാലിന്യരഹിതമായി നിലനിറുത്തുന്നതിന് ടൂറിസം മേഖലയുടെ പിന്തുണ ഉണ്ടാകണം. ദൈവത്തിന്റെസ്വന്തം നാടെന്ന അനുഭൂതി ഇവിടം സന്ദർശിക്കുന്ന ഏവർക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ പാരമ്പര്യ കലാകൗശല രംഗത്തെ സാധാരണക്കാർക്ക് ഏറെ സഹായം ലഭിച്ചെന്ന് ടൂറിസം മന്ത്രി എ സിമൊയ്തീൻ പറഞ്ഞു. സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്കും ടൂറിസം വ്യവസായത്തിന്റെ പ്രയോജനം ലഭിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ മദ്യനയവും ഹർത്താലുകളും ടൂറിസം വ്യവസായത്തിന് അനുകൂലമല്ലെന്ന് കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോർജ്ജ് ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം കാരണംവിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ ടൂറിസം പ്രതിഛായയ്ക്ക് കോട്ടം തട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം സെക്രട്ടറി ഡോ. വി. വേണു, എംപിമാരായ കെ വി തോമസ്, പി കെ ബിജു, കെടിഡിസി ചെയർമാൻ എം വി ജയകുമാർ, മുൻ എം പി രാജീവ്, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമൻ ബില്ല, കേരള ടൂറിസം ഡയറക്ടർ യു വി ജോസ്, മരട് നഗരസഭ അധ്യക്ഷ ദിവ്യ അനിൽ കുമാർ, കെടിഎം മുൻ പ്രസിഡന്റുമാരായ ഇ എം നജീബ്, ജോസ് ഡോമിനിക്, റിയാസ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.