ഫോട്ടോമ്യൂസ് ഫോട്ടോ പ്രദർശനം കൊച്ചിയിൽ

Posted on: August 3, 2016

PhotoMuse-Exbhition-Big

കൊച്ചി : കേരളത്തിലെ ആദ്യ ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട 140 ഫോട്ടോഗ്രാഫർ്മാരുടെ 250 ചിത്രങ്ങളാണ് ‘ സ്വതന്ത്ര ജന്മങ്ങൾ, തുറന്ന ലക്ഷ്യങ്ങൾ’ എന്ന ഫോട്ടോ പ്രദർശനത്തിൽ ഉള്ളത്.

45,000 ൽ പരം ചിത്രങ്ങളിൽ നിന്ന് ദേശീയ, അന്തർദേശീയതലത്തിൽ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർമാർ ഉൾപ്പെട്ട ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഇതിന് പുറമെ പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ 15 വിദേശ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. ആർക്കൈവൽ പ്രിന്റിംഗ് ആയതിനാൽ രണ്ടു നൂറ്റാണ്ട് കഴിഞ്ഞാലും ചിത്രങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയും.

നെതർലൻഡുകാരായ തിയോ ബെറൻസ്, സാകെ എൽസിംഗ് യു.എസ്. സ്വദേശികളായ ഹെർബർട്ട് ജൂനിയർ, ഹലിം ഇന, ജർമൻ ഫോട്ടോഗ്രാഫർമാരായ ക്രിസ്റ്റൽ ലുക്ക്, എവാൾഡ് ലുക്ക്, സെബാസ്റ്റിൻ കൊപേക്, റെജീന വെക്, മാൻഫ്രഡ് വെക് എന്നിവരുടെയും പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർമാരായ ടി എൻ എ പെരുമാൾ, ദിൽവാലി, സുരേഷ് എളമൻ, ബി.ശ്രീനിവാസ, നന്ദകുമാർ മൂടാടി, നീലാഞ്ജൻദാസ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.

അന്യം നിന്ന് പോകുന്ന കലകളെ കുറിച്ച് ഫോട്ടോഗ്രാഫിയിലൂടെ പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കാനും ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഫോട്ടോമ്യൂസ് ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടറും ക്യൂറേറ്ററുമായ ഡോ. ഉണ്ണികൃഷ്ണൻ പുളിയ്ക്കൽ പറഞ്ഞു.