ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ എ യു എം ഒരു ലക്ഷം കോടി കവിഞ്ഞു

Posted on: March 1, 2015

ICICI-Prudential-big

കൊച്ചി : കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതിന്റെ ചാരിതാർത്ഥ്യവുമായി ഐ സി ഐ സി ഐ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനി. രാജ്യത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ ഗണത്തിൽ ഈ ചരിത്ര നേട്ടം ആദ്യമായി സ്വന്തമാക്കിയതിനുള്ള ബഹുമതിയും ഐ സി ഐ സി ഐ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനിക്കു സ്വന്തം. 2001 മാർച്ച് 31 ന് കമ്പനി പ്രവർത്തനമാരംഭിക്കുമ്പോൾ ഏകദേശം 100 കോടി രൂപയായിരുന്ന എ യു എം (അസറ്റ്‌സ് അണ്ടർ മാനേജ്‌മെന്റ് ) ആണ് 14 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയിലേറെയായത്. പോളിസി ഉടമകൾ ഐ സി ഐ സി ഐ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയിൽ അർപ്പിച്ചിട്ടുള്ള അതിബൃഹത്തായ വിശ്വാസത്തിന്റെ മാനദണ്ഡമാണിതെന്ന് എം ഡിയും സി ഇ ഒയുമായ സന്ദീപ് ബക്ഷി പറഞ്ഞു.

ഡിജിറ്റലൈസേഷൻ ഉൾപ്പെടെ ഇടപാടുകാർ സ്വാഗതം ചെയ്ത ഒട്ടേറെ പരിഷ്‌കാരങ്ങൾ, ജനപ്രിയ പദ്ധതികൾ, ദീർഘകാലാടിസ്ഥാനത്തിൽ ഫണ്ട് പെർഫോമൻസിലെ മികവ്, കടമ്പകൾ ഒഴിവാക്കിയുള്ള സെറ്റിൽമെന്റ്, പ്രതിബദ്ധതയാർന്ന ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണം തുടങ്ങിയ ഘടകങ്ങളാണ് ഈ നേട്ടത്തിനു വഴി തെളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.